Idukki local

മാലിന്യക്കൂമ്പാരമായി എസ്ബിഐ എടിഎം കൗണ്ടര്‍

നെടുങ്കണ്ടം: ശുചീകരണ തൊഴിലാളിക്ക് കൂലി നല്‍കാത്തതിനെത്തുടര്‍ന്ന് ശുചീകരണം നിര്‍ത്തിവച്ചു. മാലിന്യ കൂമ്പാരമായി നെടുങ്കണ്ടത്തെ എസ്ബിഐ എടിഎം കൗണ്ടര്‍. ശുചീകരിച്ചിട്ട് ആറുമാസത്തില്‍ ഏറെയായി. എസ്ബിഐ എടിഎം കൗണ്ടര്‍ വൃത്തിഹീനമായ അവസ്ഥയില്‍ തുടരുന്നു. ഉപഭോക്താക്കള്‍ മാലിന്യങ്ങള്‍ കുന്നുകൂടിയ കൗണ്ടറില്‍ നിന്നാണ് പണം എടുക്കുന്നത്. ബസ്സ്റ്റാന്റിന് സമീപമായി പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറാണ് ഉപഭോക്താക്കള്‍ക്ക് തലവേദനയാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഒരു ഡോക്ടര്‍ ഈ അവസ്ഥ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഇത് കണ്ട് കൗണ്ടര്‍ ശുചീകരിക്കുന്നതിനായി നെടുങ്കണ്ടം ഐഎച്ച്ആര്‍ഡി കോളജിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍, നിലവിലുള്ള ശുചീകരണ തൊഴിലാളി ഇത് തടയുകയായിരുന്നു. തനിക്ക് എട്ട് മാസത്തെ വേതനം ലഭിക്കാനുണ്ടെന്നും ഇതിുമുമ്പ് ജോലി ചെയ്തിരുന്ന ആള്‍ക്ക് ആറ് മാസത്തെ വേതനം നല്‍കാനുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മടങ്ങുകയായിരുന്നു. കൗണ്ടറിനുള്ളില്‍ കാഷ് സ്ലിപ്പുകളുടെ കൂമ്പാരമാണ്. ഇതുകൂടാതെ പണം നിറയ്ക്കുമ്പോഴുള്ള സ്ലിപ്പുകളും മറ്റ് പേപ്പറുകളും കുന്നുകൂടിയ നിലയിലാണ്. എസ്ബിഐ നെടുങ്കണ്ടം ബ്രാഞ്ചില്‍ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചെങ്കിലും എടിഎമ്മിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അവരാണ് ശുചീകരണം നടത്തേണ്ടതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. മാലിന്യ കൂമ്പാരമായ ഈ കൗണ്ടറില്‍ ആഴ്ചയില്‍ രണ്ടും മൂന്നും തവണ പണം സ്വകാര്യ കമ്പനി നിറയ്ക്കാറുണ്ട്.
Next Story

RELATED STORIES

Share it