Idukki local

മാലിന്യക്കൂമ്പാരം പച്ചക്കറിത്തോട്ടമാക്കി കര്‍ഷകന്‍

അടിമാലി: മാലിന്യക്കൂമ്പാരമായി കിടന്ന ടൗണിനു നടുവിലെ പത്ത് സെന്റോളം ഭൂമി ആരും മോഹിക്കുന്ന പച്ചക്കറിത്തോട്ടമായി മാറ്റിയെടുത്ത കഥയാണ് അടിമാലി സ്വദേശിയായ കര്‍ഷകന്‍ ഗ്രോബര്‍ സെബാസ്റ്റ്യനു പറയാനുള്ളത്. ഒന്നരമാസം മുമ്പാണ് ടൗണിലെ മുഴുവന്‍ മാലിന്യവും പേറിയിരുന്ന ഈ പത്ത് സെന്റ് ഭൂമിയില്‍ ഗ്രോബര്‍ സെബാസ്റ്റ്യന്റെ തൂമ്പ ആദ്യം വീഴുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം അടിഞ്ഞ് കിടന്നിരുന്നതിനാല്‍ ഈ ഭൂമിയില്‍ വിത്ത് പാകുന്നതിനുള്ള മണ്ണ് കണ്ടെത്താന്‍ ഈ കര്‍ഷകന്‍ നന്നെ പാടുപ്പെട്ടു. തുടര്‍ന്നങ്ങോട്ട് നടത്തിയ അക്ഷീണ പ്രയത്‌നത്തിനൊടുവില്‍ മാലിന്യം വലിച്ചെറിയാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ പത്ത് സെന്റ് ഭൂമി ഗ്രോബര്‍ പൊന്ന് വിളയുന്ന മണ്ണാക്കിയെടുത്തു. പയറും ബീന്‍സും പാവലും ചീരയുമെല്ലാം നട്ട് കൃഷിയില്‍ നിന്നകലുന്ന പുതുതലമുറക്ക് മാതൃകയായി തീര്‍ന്നിരിക്കുകയാണ് ഈ പച്ചക്കറി കര്‍ഷകന്‍. മാലിന്യം പേറിയിരുന്ന ഭൂമിയുടെ ഉടമസ്ഥനെ കണ്ടെത്തി കൃഷി നടത്താനുള്ള അനുവാദം ചോദിച്ചു വാങ്ങിയാണ് താന്‍ ടൗണിനു നടുവിലെ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടതെന്ന് ഗ്രോബര്‍ സെബാസ്റ്റ്യന്‍ പറയുന്നു.
Next Story

RELATED STORIES

Share it