മാലിന്യം നീക്കാന്‍ ഇനി റോബോട്ടുകള്‍; ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: ശുദ്ധജലവിതരണ-മലിനജല നിര്‍മാര്‍ജനരംഗം യന്ത്രവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റി ഇന്നൊവേഷന്‍ സോ ണ്‍ (ക്വിസ്) പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ജലവിഭവമന്ത്രി മാത്യു ടി തോമസിന്റെയും സാന്നിധ്യത്തിലാണ് ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ ഷൈന മോള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് എന്നിവര്‍ ഒപ്പുവച്ചത്.
ക്വിസ് പദ്ധതിയില്‍പ്പെടുത്തി സ്വീവേജ് പൈപ്പുകളിലും മാന്‍ഹോളുകളിലും മാലിന്യം അടിഞ്ഞുകൂടുന്നത് റോബോട്ടുകള്‍ ഉപയോഗിച്ച് നീക്കംചെയ്യാനുള്ള നവീന സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ജെന്‍ റോബോട്ടിക്‌സ് പരിചയപ്പെടുത്തി. ജെന്‍ റോബോട്ടിക്‌സ് ടീമംഗങ്ങളായ എം കെ വിമല്‍ ഗോവിന്ദ്, കെ റാഷിദ്, അരുണ്‍ ജോര്‍ജ്, എന്‍ പി നിഖില്‍, പി ജലീഷ്, ഇ ബി ശ്രീജിത്ത് ബാബു, അഫ്‌സല്‍ മുട്ടിക്കല്‍, കെ സുജോദ്, പി കെ വിഷ്ണു എന്നിവരെ മുഖ്യമന്ത്രി അനുമോദിച്ചു. സാങ്കേതികവിദ്യാരംഗത്തെ തുടക്കക്കാര്‍ ഇതിനു മാതൃകയായത് അഭിനന്ദനീയമാണ്. ഈ മികവുറ്റ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച മു ഖ്യമന്ത്രി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പു നല്‍കി.
വൃത്തിഹീനമായ മാന്‍ഹോളില്‍ മനുഷ്യന്‍ ഇറങ്ങിനിന്ന് മാലിന്യം കോരി വൃത്തിയാക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് പലയിടത്തുമുള്ളത്. മാന്‍ഹോളില്‍ ഇറങ്ങി ആളുകള്‍ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. യാതൊരു ശുചിത്വ-സുരക്ഷിതത്വ ക്രമീകരണവുമില്ലാതെ മാന്‍ഹോളിലിറങ്ങി മനുഷ്യര്‍ ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാന്‍ഹോള്‍ ശുചീകരണത്തിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള ആലോചനയുമായി ജല അതോറിറ്റി മുന്നോട്ടുപോയത്.
അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഐടി സെക്രട്ടറി എം ശിവശങ്കര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it