malappuram local

മാലിന്യം കുമിഞ്ഞുകൂടിയ ചാലിയാര്‍

കൃഷ്ണന്‍ എരഞ്ഞിക്കല്‍

വേനല്‍ രൂക്ഷമായതോടെയാണ് ചാലിയാറില്‍ ആല്‍ഗെ ബ്ലൂം പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ ആല്‍ഗെ പ്രതിഭാസം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഈ വേനലിലാണ് മലിനീകരണം രൂക്ഷമായത്.  കവണക്കല്ല് റഗുലറേറ്ററില്‍ ഷട്ടര്‍ താഴ്ത്തി ജലം തടഞ്ഞു നിര്‍ത്തിയതുകാരണം ഒഴുക്കില്ലാത്ത പുഴയില്‍  മാലിന്യം അധികരിക്കുകയും വെള്ളം മലിനമാവുകയും ചെയ്തു.
കൊഴുപ്പു കലര്‍ന്ന പച്ചനിറത്തിലുള്ള നിറം മാറ്റം വാഴക്കാട് മുതല്‍ അരീക്കോട് പഞ്ചായത്തുവരെയുള്ള ഭാഗങ്ങളില്‍ വെള്ളം മലിനമാക്കുകയും കുടിവെള്ളപ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. മഞ്ചേരി മുന്‍സിപ്പാലിറ്റി, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജ്, ചീക്കോട് കുടിവെള്ള പദ്ധതി, കിന്‍ഫ്ര, എയര്‍പോര്‍ട്ട്, അരീക്കോട്, കിഴുപറമ്പ,  ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ളവിതരണം ഇതോടെ പ്രതിസന്ധിയിലായി. ചാലിയാറിലെ ജല പരിശോധനയില്‍ കോളിഫോം  ബാക്ടീരിയകളുടെ അധിക സാന്നിധ്യം വിദഗ്ദ്ധര്‍ കണ്ടെത്തി. ഇതോടൊപ്പം ആല്‍ഗെയുടെ വ്യാപനം ക്രമാതീതമാവുന്നതുകൊണ്ടാണ് ജലം പച്ചനിറത്തിലും നീലയായും കാണപ്പെടുന്നതെന്ന വിശദീകരണം നല്‍കുകയും വെള്ളം ഉപയോഗിക്കരുതെന്നു നിര്‍ദേശം നല്‍കുകയും ചെയ്തു. ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ഫില്‍റ്ററുള്ള ഇടങ്ങളിലെ വെള്ളം മാത്രമേ ഉപയോഗിക്കാവൂവെന്ന നിര്‍ദേശം വന്നതോടെ പല പ്രദേശങ്ങളിലെയും പമ്പിങ് നിര്‍ത്തിവച്ചു. ചാലിയാറിന്റെ പരിസരങ്ങളില്‍നിന്നു തള്ളുന്ന മാലിന്യമാണ് പുഴയെ മലിനമാക്കിയത്. കക്കൂസ് മാലിന്യവും മറ്റും തള്ളുന്നത് ചാലിയാറിന്റെ പരിസരവാസികളാണ്. പുഴയുടെ ഇരുവശങ്ങളിലും കവറുകളിലും അല്ലാതെയും വലിച്ചെറിഞ്ഞ മാലിന്യം നിറഞ്ഞിരിക്കയാണ്. നാപ്കിന്‍, പാഡുകള്‍ ഉള്‍പ്പെടെ പുഴ വെള്ളത്തില്‍ അടിഞ്ഞുകുടി. ജൈവവും അജൈവവുമായ മാലിന്യം തള്ളിയതോടെ ചാലിയാര്‍ ഒരു കുപ്പത്തൊട്ടിയായി.
അരീക്കോടിലെ മിക്ക കടകള്‍ക്കും മാലിന്യം സംസ്‌ക്കരിക്കാന്‍ സംവിധാനമില്ല. ഹോട്ടല്‍ കൂള്‍ബാര്‍, കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള മലിന ജലം ഓവുചാലിലൂടെ പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ചാലിയാര്‍ മലിനമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാലിന്യം തള്ളുന്നത് കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ നടപടി സ്വീകരിക്കാന്‍ അരീക്കോട് പഞ്ചായത്ത് തയ്യാറായിട്ടില്ല. അശാസ്ത്രീയമായ സാനിട്ടേഷന്‍ സംവിധാനമാണ് കിണര്‍, പുഴ, ഭൂഗര്‍ഭ ജലത്തെയും മലീനീകരിക്കന്നത്. ശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് മലിനീകരണത്തെ തടയും. കോഴി മാലിന്യമാണ് കൂടുതല്‍ പുഴയിലെത്തുന്നത്. അരീക്കോട് പാലത്തില്‍നിന്ന് രാത്രിയില്‍ മാലിന്യം പുഴയിലേക്ക് തള്ളുന്നത് കാരണം ജലത്തിന് ദുര്‍ഗന്ധമുണ്ട്. ഈ ഭാഗങ്ങളില്‍ സിസിടിവി കാാമറ സ്ഥാപിക്കണമെന്ന ആവശ്യം പഞ്ചായത്ത് അവഗണിക്കുകയാണ്. പരിസരങ്ങളിലെ ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് ചാലിയാറിനെ മാലിന്യ കൂമ്പാരമാക്കുന്നതോടെ ഒരു ജനതയുടെ ജീവജലമാണ് നഷ്ടപ്പെടുക. അതോടൊപ്പം പാണ്ടിപ്പുഴ, പുന്നപ്പുഴ പദ്ധതിയുടെ ഭാഗമായി മല തുരന്ന് ടണല്‍ വരെ നിര്‍മിച്ച് അണക്കെട്ടിന് അവസരം കാത്തിരിക്കുന്ന തമിഴ്‌നാടിന്റെ പദ്ധതി കൂടി പൂര്‍ത്തിയായാല്‍ ചാലിയാര്‍ എന്നേക്കുമായി മറവിയിലൊതുങ്ങും.

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it