World

മാലദ്വീപില്‍ അടിയന്തരാവസ്ഥ 30 ദിവസത്തേക്കു നീട്ടി

മാലി: മാലദ്വീപില്‍ അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി. പ്രസിഡന്റ് അബ്ദുല്ലാ യമീന്‍ അബ്ദുല്‍ ഖയ്യൂമിന്റെ ഇതുസബന്ധിച്ച ഉത്തരവിനു പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നു. അടച്ചിട്ട മുറിയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കമ്മിറ്റി യോഗത്തിലാണ് പ്രസിഡന്റിന്റെ ആവശ്യത്തിന് അനുമതി നല്‍കിയതെന്നു പീപ്പിള്‍സ് മജീസ് ഡെപ്യൂട്ടി സ്പീക്കര്‍ എം പി മൂസ മാലിക് അറിയിച്ചു.
മൊത്തം 30 എംപിമാരാണ് അടിയന്തരാവസ്ഥ നീട്ടണമെന്ന ആവശ്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇക്കാര്യം പിന്നീട് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 43 എംപിമാര്‍ സന്നിഹിതരായിരുന്നു. അതേസമയം, പ്രതിപക്ഷ എംപിമാര്‍ പൂര്‍ണമായും യോഗം ബഹിഷ്‌കരിച്ചതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈ മാസം 5നാണ് രാജ്യത്ത് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഞായറാഴ്ച 12 വിമത എംപിമാരെ സുപ്രിംകോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അടിയന്തരാവസ്ഥയ്ക്ക് അംഗീകാരം നല്‍കാന്‍ പാര്‍ലമെന്റില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. അധികാരം സ്ഥിരപ്പെടുത്താനുള്ള പ്രസിഡന്റ് അബ്ദുല്ലാ യമീനിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍.
കൂറുമാറിയ 12 പേരുടെ പാര്‍ലമെന്റംഗത്വം പുനസ്ഥാപിച്ച് ഫെബ്രുവരി ഒന്നിന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. മുന്‍ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ച യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. സുപ്രിംകോടതി ജഡ്ജിയടക്കം രണ്ടു ജസ്റ്റിസുമാരെയും നേതാവിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഞായറാഴ്ചത്തെ സുപ്രിംകോടതിയുടെ ഉത്തരവോടെ 85 അംഗ പാര്‍ലമെന്റില്‍ യമീനിന് ഭൂരിപക്ഷം ലഭിക്കും.
Next Story

RELATED STORIES

Share it