'മാര്‍പ്പാപ്പയുടെ ഇടപെടല്‍ ധാര്‍മിക അപചയം ബോധ്യമായതിനാല്‍'

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തില്‍ മാര്‍പ്പാപ്പ ഇടപെട്ട് അപസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ എല്ലാ അധികാരങ്ങളും നീക്കം ചെയ്യപ്പെട്ടുവെന്ന് അതിരൂപത വൈദിക സമിതിയുടെ മുന്‍ സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ തേജസിനോട് പറഞ്ഞു.
വിഷയത്തിലെ ഗൗരവം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍പ്പാപ്പ ഇടപെട്ടത്. അതിരൂപതയില്‍ ഗുരുതര പ്രതിസന്ധിയുണ്ട്. അത് വെറും സാമ്പത്തിക പ്രതിസന്ധിയല്ല. മറിച്ച് ധാര്‍മിക അപചയമാണ്. അത് സഭയിലും വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും വിശ്വാസികള്‍ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും ഇതു സഭയുടെ സമഗ്രതയെ ബാധിക്കുമെന്നും മനസ്സിലായതോടെയാണ് വത്തിക്കാന്‍ ഇടപെട്ടത്. ഇവിടത്തെ വൈദികര്‍ വത്തിക്കാനോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പൊതു സമൂഹം ആഗ്രഹിച്ച നടപടി തന്നെയാണ് ഇപ്പോള്‍ മാര്‍പ്പാപ്പയുടെ പക്കല്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.
അതേസമയം, സഭയെ ഒരു ഭൗതിക സ്ഥാപനമാക്കിമാറ്റാനുള്ള പ്രവണത ആപത്ക്കരമാണെന്നും സഭയുടെ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമ്മര്‍ദങ്ങളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം-അങ്കമാലി, കൊച്ചി, വരാപ്പുഴ, കോതമംഗലം, ആലപ്പുഴ, മൂവാറ്റുപുഴ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികളുടെ പ്രാദേശിക സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it