Second edit

മാര്‍ക്‌സിന്റെ 200ാം ജന്മദിനം

ജര്‍മനിയിലെ ട്രയര്‍ എന്ന ചെറുപട്ടണത്തിലാണ് കാള്‍ മാര്‍ക്‌സ് ജനിച്ചത്; 1818 മെയ് 5ന്. സാഹിത്യത്തിലും ദര്‍ശനത്തിലുമായിരുന്നു അദ്ദേഹത്തിനു താല്‍പര്യം. 19ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാമൂഹിക-സാമ്പത്തിക സംഘര്‍ഷങ്ങളിലൂടെയാണ് മാര്‍ക്‌സ് വളര്‍ന്നത്.
തൊഴിലാളിപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവകാലം. 1848ല്‍ യൂറോപ്പില്‍ വമ്പിച്ച തൊഴിലാളി കലാപങ്ങള്‍ നടന്നു. ആ അവസരത്തിലാണ് ഫ്രഡറിക് ഏംഗല്‍സുമായി ചേര്‍ന്ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പ്രസിദ്ധീകരിച്ചത്. തൊഴിലാളികളോട് അദ്ദേഹം പറഞ്ഞു: സര്‍വരാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് ചങ്ങലകള്‍ മാത്രം; കിട്ടാനുള്ളത് പുതിയൊരു ലോകവും!
മാര്‍ക്‌സ് ചിന്തകന്‍ മാത്രമായിരുന്നില്ല; വിപ്ലവപ്രസ്ഥാനങ്ങളില്‍ സജീവ പങ്കാളിയുമായിരുന്നു അദ്ദേഹം. അതിനാല്‍ ജന്മനാട്ടില്‍ നിന്ന് ചെറുപ്പത്തിലേ ആട്ടിയോടിക്കപ്പെട്ടു. പിന്നീട് കുറേക്കാലം ഫ്രാന്‍സിലാണു കഴിഞ്ഞത്. പാരിസ് കലാപങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതോടെ അവിടെ നിന്നു പലായനം ചെയ്ത് ലണ്ടനിലെത്തി. 1857ല്‍ ലോകത്ത് വമ്പിച്ച സാമ്പത്തിക പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടു. അതിനെ തുടര്‍ന്ന് മാര്‍ക്‌സ് നടത്തിയ പഠനങ്ങളാണ് ദസ് കാപ്പിറ്റല്‍ എന്ന പേരില്‍ 10 വര്‍ഷത്തിനുശേഷം അദ്ദേഹം പുറത്തിറക്കിയത്. മുതലാളിത്തത്തിന്റെ ഏറ്റവും സമഗ്രമായ വിമര്‍ശന പഠനം; സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബൈബിള്‍.
ഇപ്പോള്‍ മാര്‍ക്‌സിന്റെ 200ാം ജന്മവാര്‍ഷികത്തില്‍ ലോകമെങ്ങും സ്വാധീനം ചെലുത്തിയ ഏറ്റവും പ്രമുഖ ആധുനിക പണ്ഡിതന്‍ എന്ന് അദ്ദേഹം വാഴ്ത്തപ്പെടുന്നു.
Next Story

RELATED STORIES

Share it