Alappuzha local

മാരാരിക്കുളം ബീച്ച് സൗന്ദര്യവല്‍ക്കരിക്കും : ബീച്ച് നവീകരണത്തിന് ഒരു കോടിയുടെ പദ്ധതി



ആലപ്പുഴ: മാരാരിക്കുളം ബീച്ചില്‍ ഒരു കോടിയുടെ സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14, 18 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന രണ്ടു കിലോമീറ്ററോളം ദൂരത്തിലുള്ള ബീച്ചിലാണു വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. മാരാരിക്കുളം ബീച്ച് കൂടുതല്‍ ആകര്‍ഷകമാക്കുകയാണു ലക്ഷ്യം.
കടപ്പുറത്തിന്റെ സ്വാഭാവിക പ്രകൃതിഭംഗി നഷ്ടപ്പെടാതെ ശുചിമുറികള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണു ടൂറിസം വകുപ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ ഒരുങ്ങുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കടപ്പുറം വൃത്തിയായി സൂക്ഷിക്കുന്നതിനു പഞ്ചായത്തും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ 10 തൊഴിലുറപ്പു തൊഴിലാളികളുടെ സഹായത്തോടെ കടപ്പുറം വൃത്തിയാക്കുന്നുണ്ട്.
ടൂറിസം മേഖലയിലെ ഉണര്‍വു പ്രദേശവാസികള്‍ക്കു വലിയ തൊഴിലവസരം സൃഷ്ടിച്ചിട്ടുണ്ട്. ഹോംസ്‌റ്റേകളിലായി അനേകം പ്രദേശവാസികളും ജോലി ചെയ്യുന്നുണ്ട്.
ടൂറിസം വകുപ്പ് മറ്റു പല ബീച്ചുകളിലും ലൈഫ് ഗാര്‍ഡുമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും മാരാരിക്കുളത്ത് ഇതുവരെ നിയമിച്ചിട്ടില്ല. നീന്തല്‍ അറിയാത്തവരും തിരയുടെ സ്വഭാവം മനസിലാക്കാത്തവരുമാണു കൂടുതലും ഇവിടെ കുളിക്കുവാന്‍ ഇറങ്ങുന്നത്. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു ലൈഫ് ഗാര്‍ഡുമാരുടെ സേവനം അത്യാവശ്യമാണെന്നു നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it