മാപ്പ് അര്‍ഹിക്കാത്ത അപരിഷ്‌കൃത നടപടിയെന്ന് സിപിഎം

തിരുവനന്തപുരം/തൃശൂര്‍: അട്ടപ്പാടിയിലെ കടുക്മണ്ണ് ഊരില്‍ ആദിവാസി യുവാവ് മധു ഒരുകൂട്ടം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നടുക്കം ഉണ്ടാക്കുന്ന സംഭവമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ കൊടുംപാതകത്തിന് ഉത്തരവാദിയായ ഒരാളും നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടില്ലെന്ന് പോലിസ് ഉറപ്പുവരുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.
മാപ്പ് അര്‍ഹിക്കാത്ത അപരിഷ്‌കൃത നടപടിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സഹജീവിയോട് കാരുണ്യം കാട്ടുക എന്നതാണ് കേരളം പൊതുവില്‍ പ്രകടിപ്പിക്കുന്ന സംസ്‌കാരം. അതിന് അപവാദമായിപ്പോയി അഗളിയിലെ കാട്ടാളത്ത നടപടിയെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ കണ്ണുകളിലെ നിസ്സഹായതയും നിര്‍ദയരായ ആ ആള്‍ക്കൂട്ടവും കേരളത്തെ ഏറെക്കാലം വേട്ടയാടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രബുദ്ധതയുടെയും രാഷ്ട്രീയ സാക്ഷരതയുടെയും കൊട്ടിഘോഷിക്കലുകള്‍ നമുക്ക് അവസാനിപ്പിക്കാം. വിശന്നുവലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാന്‍ ഒരു മടിയുമില്ലാത്ത, ആ നിമിഷങ്ങള്‍ സെല്‍ഫിയെടുത്ത് ഉല്ലസിക്കുന്ന സഹജീവികള്‍ അപകടകരമായ സൂചനയാണെന്നും അദ്ദേഹം പ്രതികരിച്ചു. മധുവിന്റെ മരണത്തിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധുവിനെ  മോഷ്ടാവായി ചിത്രീകരിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അപലപിച്ചു. കേരളീയരുടെ മഹനീയ സംസ്‌കാരത്തിനു യോജിച്ച നടപടിയല്ല ഇത്. ഈ സംഭവം കേരളത്തിന് ഏല്‍പിച്ച അപമാനം ചെറുതല്ല. കുറ്റവാളികള്‍ ആരായാലും അവരെ വെറുതെ വിട്ടുകൂടാ. അറസ്റ്റ് ചെയ്തവര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കാനം പറഞ്ഞു.
അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവും ക്രൂരവും നീചവുമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അഗളിയില്‍ നടന്നതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ സംഭവം പ്രബുദ്ധ കേരളത്തിന് അപമാനമാണ്. കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായി ഇടപെടണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പന്ന്യന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it