Flash News

ഖമറുന്നിസാ അന്‍വറിനെ വനിതാലീഗ് അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി

മലപ്പുറം: ബിജെപിക്ക് ഫണ്ട് നല്‍കി പാര്‍ട്ടിയെ പുകഴ്ത്തി വിവാദത്തിലായ ഖമറുന്നിസാ അന്‍വറിനെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി.

ഖമറുന്നീസയുടെ മാപ്പപേക്ഷ സ്വീകരിച്ചതായും നടപടിയുണ്ടാവില്ലെന്നും സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണിത്. മാപ്പപേക്ഷയ്ക്ക് ശേഷവും സമൂഹമാധ്യമങ്ങളില്‍ തന്റെ നടപടിയെ ന്യായീകരിച്ചതിന്റെ പേരിലാണ് നടപടി.

കെപി മറിയുമ്മയ്ക്കാണ് അധ്യക്ഷസ്ഥാനത്തിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്.
ഖമറുന്നിസയുടെ മാപ്പപേക്ഷ മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചതായും അതിനാല്‍ നടപടി ഉപേക്ഷിച്ചെന്നുമായിരുന്നു സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് നേരത്തേ അറിയിച്ചിരുന്നത്.
ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി തിരൂര്‍ മണ്ഡലം  പ്രസിഡന്റ് കെ പി പ്രദീപ്കുമാറിന് ഫണ്ട് നല്‍കിയശേഷം ഖമറുന്നീസാ അന്‍വര്‍ കേരളത്തിലും ഇന്ത്യയിലും ബിജെപി വളരുകയാണെന്നും ജനങ്ങള്‍ക്കുവേണ്ടി ഒട്ടേറെ ചെയ്തിട്ടുണ്ടെന്നും സര്‍വവിധ വിജയാശംസകളും നേരുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞതാണ് വിവാദമായത്. ബിജെപി സംസ്ഥാനസമിതിയംഗം എം കെ ദേവീദാസന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെപി നേതാക്കളായ സുനില്‍ പരിയാപുരം, ശശി കറുകയില്‍, മനുമോഹന്‍ തുടങ്ങിയവരാണ് ഖമറുന്നീസയില്‍നിന്ന് ഫണ്ട് സ്വീകരിക്കാനെത്തിയിരുന്നത്. ബിജെപിയുടെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് ഖമറുന്നീസാ അന്‍വര്‍ ലീഗ് സംസ്ഥാന അധ്യക്ഷനു നല്‍കിയ മാപ്പപേക്ഷയില്‍ അറിയിച്ചിരുന്നു.
വീട്ടില്‍ പലരും  പിരിവിന്  വരാറുണ്ട്. ഇത്തരത്തില്‍  വാര്‍ത്തയാവുമെന്നു കരുതിയില്ല. ചില മാധ്യമങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍  പറഞ്ഞ കാര്യങ്ങള്‍ നാക്കുപിഴമൂലം സംഭവിച്ചതാണ്. തന്‍മൂലം പാര്‍ട്ടിക്കുണ്ടായ വിഷമത്തില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു. മേലില്‍ ആവര്‍ത്തിക്കില്ലെന്നും അവര്‍ ഉറപ്പുനല്‍കിയിരുന്നു. അതേസമയം, ഖമറുന്നീസാ അന്‍വറിന്റെ നടപടി ലീഗിനുള്ളിലും സമൂഹമാധ്യമങ്ങളിലും കടുത്ത പ്രതിഷേധത്തിനിടയാക്കി. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ട് ലീഗ് അധ്യക്ഷന് ഖമറുന്നീസ കത്ത് നല്‍കിയതും വിവാദമായിരുന്നു
Next Story

RELATED STORIES

Share it