Alappuzha local

മാന്നാറിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറി നിര്‍ത്തലാക്കാന്‍ വീണ്ടും നീക്കം

മാന്നാര്‍: മാന്നാറില്‍ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇഎസ്‌ഐ ഡിസ്‌പെന്‍സറി നിര്‍ത്തലാക്കാന്‍ ഉദ്യേഗസ്ഥ തലത്തില്‍ വീണ്ടും നീക്കം. ഇഎസ്‌ഐ പരിരക്ഷ ലഭിക്കുന്ന 1000 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ആണ് ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിച്ച് ചികില്‍സ തേടിവരുന്നത്. കൊല്ലത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിവിധങ്ങളായ ആശുപത്രികളില്‍ വിദഗ്ധ ചികില്‍സ ലഭ്യമായവര്‍, പിന്നീട് ഇവിടെ നിന്നാണ് തുടര്‍ച്ചയായി മരുന്നുകള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്.നിരവധി കമ്പനികളിലെ ജീവനക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍,കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍, അനധ്യാപകര്‍, പെന്‍ഷന്‍കാര്‍, പ്രമുഖ വാഹന ഷോറൂമുകാര്‍, വ്യാപാര സ്ഥാപനങ്ങങ്ങളില്‍ പണിയെടുക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിസ്‌പെന്‍സറിയുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നു.ഡോക്ടറും ഓഫിസ് സ്റ്റാഫുമടക്കം ആറു പേരാണിവിടെ ജോലി ചെയ്യുന്നത്. മുമ്പും ഇതുപോലെ നിര്‍ത്തലാക്കാനുള്ള നീക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായി. പ്രതിഷേധം വ്യാപകമായതോടെ ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ മാവേലിക്കരയിലേയും മാന്നാറിലെയും ഡിസ്‌പെന്‍സറികള്‍ നിര്‍ത്തലാക്കി പകരം ഒരെണ്ണം തുടങ്ങാനാണ് ആലോചന. ഇതിന്റെ ഭാഗമായി ഇവിടേക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കാതിരിക്കുകയാണെന്ന് അറിയുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ഡിഡി, തിരുവനന്തപുരത്തെ ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിത്യേന ശരാശരി 45 പേര്‍ ആശ്രയിക്കുന്ന സ്ഥാപനമാണിത്. കുറഞ്ഞത് 50 എങ്കിലും ഉണ്ടാവണമെന്നുള്ള വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ത്വരിതഗതിയില്‍് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും ഇടപെട്ട്്് ഡിസ്‌പെന്‍സറി മാന്നാറില്‍ നിലനിര്‍ത്തണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
Next Story

RELATED STORIES

Share it