kozhikode local

മാനാഞ്ചിറ റോഡിലെ കുഴി അപകടക്കെണിയായി തുടരുന്നു

കോഴിക്കോട്: മാനാഞ്ചിറയ്ക്ക് സമീപം കോംട്രസ്റ്റിനടുത്ത് റോഡിലെ വാരിക്കുഴി വാഹനങ്ങള്‍ക്ക് അപകടക്കെണിയാവുന്നു. ആഴ്ചകള്‍ക്ക് മുമ്പ്് റോഡില്‍ പ്രത്യക്ഷപ്പെട്ട ചെറിയ കുഴി വലുതായതോടെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അപകടക്കെണിയാവുകയാണ്. കുഴിയില്‍ മണ്ണും ഇഷ്ടിക കഷണങ്ങളും മറ്റും ഇട്ട് മുമ്പ് തൂര്‍ത്തെങ്കിലും ഇപ്പോള്‍ അവിടെ വീണ്ടും കുഴി രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്താല്‍ കുഴിയില്‍ വെള്ളം നിറയുന്നതോടെയാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. വളവ് തിരഞ്ഞ ഉടനെയുള്ള കുഴിയില്‍ വീഴാതെ ഇരുചക്രവാഹനങ്ങള്‍ക്ക് മുമ്പോട്ടുപോവാനാവില്ല. കുഴിയില്‍ കെട്ടി നില്‍ക്കുന്ന ചളിവെള്ളം കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാവുകയാണ്. ചെറിയ അറ്റക്കുറ്റപ്പണി നടത്തിയാല്‍ തന്നെ തീരാവുന്ന പ്രശ്‌നമേയുള്ളൂ. എന്നാല്‍  കുഴി വലുതായിട്ടും അത്തരം പ്രവര്‍ത്തനങ്ങളൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. നഗരത്തിലെ മിക്ക റോഡുകളും വലിയ പ്രയാസങ്ങളില്ലാതെ മികച്ച രീതിയിലിരിക്കുമ്പോഴാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്തരത്തില്‍ റോഡ് തകര്‍ന്നിരിക്കുന്നത്. വളരെ സ്പീഡില്‍ വരുന്ന ഇരുചക്രവാഹനങ്ങള്‍ കുഴി ശ്രദ്ധയില്‍പെടാത്തത് കാരണം കുഴിയില്‍ വീണ് വാഹനത്തിന്റെ നിയന്ത്രണംവിടുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഉടന്‍ റോഡിലെ കുഴിയടച്ചില്ലെങ്കില്‍ ഇനിയും നിരവധി അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it