kozhikode local

മാനാഞ്ചിറയില്‍ മല്‍സ്യങ്ങള്‍ ചത്തത് മാലിന്യം കാരണമല്ലെന്ന്



കോഴിക്കോട്: മാനാഞ്ചിറയില്‍ മല്‍സ്യങ്ങള്‍ ചത്തത് ജലത്തിലെ മാലിന്യം കാരണമല്ലെന്ന് സിഡബ്ല്‌യുആര്‍ഡിഎം പരിശോധനാ റിപോര്‍ട്ട്. സിഡബ്ല്‌യുആര്‍ഡിഎം ഇന്നലെ കോര്‍പറേഷന്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മല്‍സ്യങ്ങള്‍ക്ക് അസുഖം ബാധിച്ചതാവാം കാരണമെന്ന് ചൂണ്ടികാണിക്കുന്നു. മാനാഞ്ചിറയിലെ വെള്ളത്തിന്റെ അഞ്ചു സാമ്പിളുകളാണ്  സിഡബ്ല്‌യുആര്‍ഡിഎം പരിശോധനയ്ക്ക് എടുത്തിരുന്നത്. വെള്ളത്തില്‍ ക്വാളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും മല്‍സ്യം ചാകാന്‍ കാരണമായിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പ്രാഥമിക പരിശോധനയിലും മലിനീകരണം കാര്യമായ തോതില്‍ കണ്ടെത്തിയിരുന്നില്ല. ഓക്‌സിജന്റെ അളവിലും കുറവ് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, വിശദമായ റിപോര്‍ട്ട് കിട്ടുന്നതുവരെ മാനാഞ്ചിറയില്‍ നിന്ന് പമ്പിങ് നിര്‍ത്തിവച്ചിട്ടുണ്ട്. വെള്ളത്തിന്റെ പിഎച്ച് മൂല്യം 8.39 മുതല്‍ 9.68 വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മാനാഞ്ചിറയില്‍ ചത്തുപൊങ്ങിയ ഇനത്തി ല്‍പെട്ട പിലാപ്പി മല്‍സ്യങ്ങളെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പരിശോധനയ്ക്കായി കൊണ്ടുപോയി. ജീവനോടെ പിടിച്ച ഇവയെ കൊച്ചിയിലേക്കാണ് കൊണ്ടുപോയത്. ഒരാഴ്ച കൊണ്ട് ഇവിടത്തെ പരിശോധനാ റിപോര്‍ട്ട് ലഭിക്കും. വൈറസ് വഴിയുള്ള രോഗബാധയാവാം  മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്നാണ് മറൈന്‍ ഫിഷറീസ് അധികൃതരുടെ നിഗമനം. അതേസമയം, വെളളത്തില്‍ കാര്യമായ മാലിന്യപ്രശ്‌നം ഇല്ലെന്ന് ബോധ്യമായ സാഹചര്യത്തില്‍ പമ്പിങ് പുനരാരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ് പറഞ്ഞു. ഈ മാസം രണ്ടാം തിയ്യതി മുതലാണ് മാനാഞ്ചിറയില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തിവച്ചിരുന്നു. അതിനിടെ ഇന്നലെയും മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. ചിറയുടെ സമീപം എത്തുന്നവര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്. കുടിവെള്ള വിതരണം തടസ്സപ്പെട്ടതോടെ  നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. നീലിച്ചിറയില്‍ നിന്നും മറ്റും വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയുന്നില്ല.
Next Story

RELATED STORIES

Share it