wayanad local

മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം

മാനന്തവാടി: കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലുള്ളതും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നതുമായ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ചതിനാല്‍ നിലവിലെ കെട്ടിടം ചരിത്ര സ്മാരമായി നിലനിര്‍ത്താനാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്ദേശിക്കുന്നത്. പുരാവസ്തു വകുപ്പ് കെട്ടിടം പരിശോധിച്ചിരുന്നെങ്കിലും മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പ് തന്നെ ഇതു സംരക്ഷിച്ച് സ്മാരകമാക്കാനാണ് ഉദ്ദേശിക്കുന്നത്. നികുതി രജിസ്‌ട്രേഷന്‍ വകുപ്പ് 2016-17 വര്‍ഷത്തിലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേനയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുക. സംസ്ഥാനത്ത് അടിയന്തരമായി പുതുക്കിപ്പണിയേണ്ട 52 സര്‍ക്കാര്‍ ഓഫിസുകളുടെ പട്ടികയില്‍പ്പെടുത്തിയാണ് ഈ ഓഫിസും പുതുക്കുന്നത്. 100 കോടിയോളം രൂപയാണ് ഇതിനായി ആകെ വകയിരുത്തിയത്. ജില്ലയില്‍ മാനന്തവാടിയിലെ ഓഫിസിനു മാത്രമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നിലവിലെ കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടത്തില്‍ നിന്ന് ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റണമെന്ന ദീര്‍ഘകാല ആവശ്യമാണ് നിരവധി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നടപ്പാവുന്നത്. പുതിയ കെട്ടിടംപണി പൂര്‍ത്തിയാവുന്നതെടെ മാനന്തവാടി സബ് രാജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനം അടിമുടി മാറും. നിലവില്‍ സബ് രജിസ്ട്രാറുള്‍പ്പെടെ ഒമ്പതു ജീവനക്കാരാണ് ഇവിടെ. ഓഫിസിലെത്തുന്നവര്‍ക്കും ജിവനക്കാര്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ് കെട്ടിടം. മഴക്കാലമായാല്‍ കെട്ടിടത്തില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍പോലും കഴിയാത്ത വിധം ചോര്‍ച്ചയുമനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലം എംഎല്‍എ ഒ ആര്‍ കേളു മുന്‍കൈയെടുത്ത് പുതിയ കെട്ടിത്തിന് അനുമതി നേടിയത്. 47.5 സെന്റ് ഭൂമിയാണ് കെട്ടിത്തോടനുബന്ധിച്ചുള്ളത്. പുതിയ കെട്ടിടനിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Next Story

RELATED STORIES

Share it