wayanad local

മാനന്തവാടി ലാന്‍ഡ് ബോര്‍ഡ് ഓഫിസ് മാറ്റി : വന്‍കിട തോട്ടങ്ങളുടെ കേസുകളില്‍ വിചാരണ നിലച്ചു



മാനന്തവാടി: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മാനന്തവാടി സബ് കലക്ടര്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചുവന്ന താലൂക്ക് ലാന്റ് ബോര്‍ഡ് ഓഫിസ് കല്‍പ്പറ്റ കലക്ടറേറ്റിലേക്ക് പറിച്ചുനട്ടു. 1/17 നമ്പര്‍ ഉത്തരവ് പ്രകാരം ജനുവരി മൂന്നിന് ഇറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഗസറ്റ് വിജ്ഞാപനമായത്. ഇതോടെ താലൂക്കിലെ വന്‍കിട തോട്ടങ്ങളുടെ കേസുകളില്‍ വിചാരണ നടപടികള്‍ പാതിവഴിയില്‍ നിലച്ചു. നിലവില്‍ സബ് കലക്ടര്‍ ആയിരുന്നു ചെയര്‍മാന്‍. ഓഫിസ് കല്‍പ്പറ്റയിലേക്ക് മാറ്റിയതോടെ എല്‍എ ഡെപ്യൂട്ടി കലക്ടറെ ചെയര്‍മാനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. 2007 മുതല്‍ മാനന്തവാടിയില്‍ ഈ ഓഫിസ് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബോര്‍ഡിന് മുന്നില്‍ വന്ന നിരവധി ഭൂമി കേസുകളില്‍ തീര്‍പ്പുണ്ടാവുകയും ചെയ്തു. നിലവില്‍ 122 കേസുകളാണ് ബോര്‍ഡിന്റെ പരിഗണനയില്‍. ഇതില്‍ ഭൂരിഭാഗവും വന്‍കിട തേയില, കാപ്പിത്തോട്ടങ്ങളുടെ കേസുകളാണ്. അതുകൊണ്ടു തന്നെ ഓഫിസ് മാറ്റത്തിന് പിന്നില്‍ ഈ ലോബിയുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോയെന്ന സംശയവും ബലപ്പെട്ടു. അതേസമയം, വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് ഓഫിസ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു. ഓഫിസ് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും കലക്ടറേറ്റില്‍ കെട്ടിടസൗകര്യം ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലെ ഫയലുകള്‍ കലക്ടറേറ്റില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ല. ഇതുമൂലം ഫയലുകള്‍ സബ് കലക്ടര്‍ ഓഫിസില്‍ കെട്ടിക്കിടക്കുന്നു. ബോര്‍ഡിലെ ജീവനക്കാരായ ഡെപ്യൂട്ടി താഹസില്‍ദാരും ക്ലാര്‍ക്കും ഇരിക്കാന്‍ ഇടമില്ലാതെ അലയുകയാണ്. അതേസമയം, ഓഫിസ് മാറ്റം, പുനസ്സംഘടിപ്പിക്കപ്പെട്ട താലൂക്ക് ലാന്റ് ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ ചര്‍ച്ചയായതായാണ് സൂചന. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് അംഗങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it