Flash News

മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയതില്‍ ഗവര്‍ണര്‍ മാപ്പുപറഞ്ഞു

ചെന്നൈ: രാജ്ഭവനില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പുപറഞ്ഞു. മധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തെ അഭിനന്ദിക്കുന്നതിന് വേണ്ടിയാണ് കവിളില്‍ തലോടിയതെന്നും തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു എന്നുമാണ് ഗര്‍ണറുടെ വിശദീകരണം.
ഇക്കാര്യം ചുണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകയ്ക്കും ഗവര്‍ണര്‍ കത്തയച്ചു. സ്വന്തം പൗത്രിയെപ്പോലെയാണ് മാധ്യമ പ്രവര്‍ത്തകയെ അഭിനന്ദിച്ചതെന്നും കത്തില്‍ 78കാരനായ  ഗവര്‍ണര്‍ വിശദീകരിച്ചിട്ടുണ്ട്. പത്രസമ്മേളനം കഴിഞ്ഞ് പോവുന്നതിനിടെയായിരുന്നു സംഭവം.
സംഭവത്തില്‍  രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ 200 മാധ്യമ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഗവര്‍ണറുടെ നടപടി മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. സര്‍വകലാശാല അധികൃതരുടെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാന്‍ കോളജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിക്കുന്ന തമിഴ്‌നാട്ടിലെ കോളജ് അധ്യാപികയുടെ ശബ്ദസന്ദേശം പുറത്തു വന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിക്കാനായിരുന്നു ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ശബ്ദ സന്ദേശത്തില്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ പേരും പരാമര്‍ശിച്ചിരുന്നു. അതേസമയം, തന്നെ അഭിനന്ദിച്ചതാണെന്ന ഗവര്‍ണറുടെ വിശദീകരണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. എങ്കിലും ക്ഷമാപണം സ്വീകരിക്കുകയാണെന്നും കത്തു പുറത്തുവിട്ടുകൊണ്ട് മാധ്യമ പ്രവര്‍ത്തക ട്വിറ്ററില്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it