മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഒന്നിച്ചതില്‍ സന്തോഷം: ജ. കുര്യന്‍ ജോസഫ്‌

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും പിണങ്ങേണ്ടവരല്ലെന്നും അടുത്തകാലത്തായി ഇവര്‍ ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ്. കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ഹാളില്‍ അഡ്വ. ജോസഫ് ജേക്കബ് കൈനടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതപങ്കാളിയുമായുള്ള ദീര്‍ഘകാലത്തെ കുടുംബത്തിന്റെ നിലനില്‍പും ദാമ്പത്യ നിലനില്‍പും തകര്‍ക്കുന്നതു പോലെ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പിണക്കം ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്കും കാരണമാവുന്നുവെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി. കുറെ കാലമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ഈ വിഭാഗങ്ങള്‍ കോഴിക്കോട് ഒന്നിച്ചിരിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നു. സ്വന്തം സുഖത്തിന് ഉപകരിച്ചില്ലെങ്കിലും മറ്റുള്ളവരുടെ നന്‍മയും ഉയര്‍ച്ചയും ആഗ്രഹിച്ച വ്യക്തിയായിരുന്നു ജോസഫ് ജേക്കബെന്നും ഇത്തരത്തിലായിരുന്നു അദ്ദേഹം സാമൂഹിക പ്രതിബദ്ധത കാണിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ജനാധിപത്യത്തെയാണ് ഇതു ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ മണ്ണും പെണ്ണും മാത്രം സുരക്ഷിതരാണെന്ന തോന്നല്‍ രാജ്യത്തിന് ഭീഷണിയാണെന്നും ഇതിനപ്പുറമാവണം അഭിഭാഷകരുടെ ചിന്തയെന്നും കുര്യന്‍ ജോസഫ് അഭിഭാഷകരെ ഓര്‍മപ്പെടുത്തി.
ജോസഫ് ജേക്കബിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജസ്റ്റിസ് ആര്‍ ബസന്ത് അനുസ്മരണ പ്രഭാഷണം നടത്തി. ജോസഫ് ജേക്കബിന്റെ പേരിലുള്ള ജെ ജെ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ബസന്ത് നിര്‍വഹിച്ചു.
എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന മഹാത്മജിയുടെ ജീവിതദര്‍ശനമായിരുന്നു ജോസഫ് ജേക്കബിന്റേതെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ കെ കൃഷ്ണകുമാര്‍ പറഞ്ഞു. മാത്യു കാട്ടിക്കാന, വിനോദ് സിങ് ചെറിയാന്‍, ജില്ലാ ജഡ്ജി എം ആര്‍ അനിത, അഭിഭാഷകരായ സിദ്ധാര്‍ഥന്‍, പി കെ ബീവി, ദീപു സംസാരിച്ചു.
Next Story

RELATED STORIES

Share it