മാതൃസഹായ പദ്ധതി: സംസ്ഥാനം 34.34 കോടി അനുവദിച്ചു

തിരുവനന്തപുരം: മാതൃസഹായ പദ്ധതിയില്‍ സംസ്ഥാന വിഹിതമായ 34,33,72,000 രൂപ സാമൂഹികനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് അവരുടെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവിലും പ്രസവാനന്തരവും ഉണ്ടാവുന്ന വേതനനഷ്ടം ഭാഗികമായി നികത്തുക എന്ന ലക്ഷ്യത്തോടെയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യുന്നതിനും വേണ്ടി ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 5,000 രൂപ ധനസഹായം നല്‍കും.
കേരളത്തില്‍ ഈ പദ്ധതിപ്രകാരം 4,578 ഗുണഭോക്താക്കള്‍ക്ക് 19.79 ലക്ഷം രൂപയാണ് അനുവദിച്ചത്. 2017 ജനുവരി ഒന്നിനോ അതിനുശേഷമോ ഗര്‍ഭിണികളായവര്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് 5000 രൂപ നല്‍കുന്നത്.
ഈ തുക മൂന്ന് ഗഡുക്കളായി ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് നേരിട്ടാണ് നിക്ഷേപിക്കുന്നത്. ഒന്നാം ഗഡുവായി 1000 രൂപയാണു നല്‍കുന്നത്. ഇതു ലഭിക്കാന്‍ ഗര്‍ഭിണികള്‍ രജിസ്റ്റര്‍ ചെയ്യുകയും എംസിപി കാര്‍ഡില്‍ രേഖപ്പെടുത്തുകയും വേണം. ഗര്‍ഭാവസ്ഥ 6 മാസവും ഒരു എഎന്‍സിയെങ്കിലും കഴിഞ്ഞവര്‍ക്കുമാണ് രണ്ടാം ഗഡുവായി 2,000 രൂപ നല്‍കുന്നത്. മൂന്നാം ഗഡുവായ 2,000 രൂപ ലഭിക്കാന്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്തിരിക്കണം.
കുട്ടിക്ക് ആദ്യഘട്ട പ്രതിരോധ മരുന്നുകളായ ബിസിജി, ഒപിവി, ഡിപിടി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ നല്‍കിയിരിക്കണം. ഇത് എംസിപി കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കണം. ആശുപത്രിയിലെ പ്രസവത്തിന് ജെഎസ്‌വൈ പദ്ധതി പ്രകാരം ഒരു ഗര്‍ഭിണിക്ക് 1000 രൂപയ്ക്ക് അര്‍ഹതയുണ്ട്. ഇതുപ്രകാരം ആകെ 6,000 രൂപ ധനസഹായം ലഭിക്കുന്നു.
മറ്റേതെങ്കിലും പദ്ധതിപ്രകാരം മെറ്റേണിറ്റി ബെനിഫിറ്റ് ലഭിക്കുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഒഴികെ മറ്റെല്ലാ ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് ധനസഹായത്തിന് അര്‍ഹതയുണ്ട്.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി ധനസഹായം ലഭിക്കും. പിഎംഎംവിവൈ പദ്ധതി പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 1.42 ലക്ഷം അമ്മമാര്‍ക്കാണ് ഈ പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ പ്രയോജനം ലഭിക്കുന്നത്.
Next Story

RELATED STORIES

Share it