മാതാവ് കുഞ്ഞുങ്ങളെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു; മൂന്നു വയസ്സുകാരി മരിച്ചു

നാദാപുരം: പുറമേരി ഹോമിയോ മുക്കിനു സമീപം മാതാവ് പിഞ്ചുകുട്ടികളെ ബാത്ത്‌റൂമിലെ ബക്കറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. മൂന്നു വയസ്സുകാരി മരിച്ചു. ഒന്നര വയസ്സുകാരന്‍ രക്ഷപ്പെട്ടു. ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിച്ചനിലയില്‍ ആത്മഹത്യക്കു ശ്രമിച്ച യുവതിയെ പരിക്കുകളോടെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ മകള്‍ ഇന്‍ഷാലാമിയ(3)യാണു മരിച്ചത്. സഹോദരന്‍ അമന്‍ സയാനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ആത്മഹത്യക്ക് ശ്രമിച്ച മുഹമ്മദ് ഖൈസിന്റെ ഭാര്യ നരിപ്പറ്റ സ്വദേശിനി, കാട്ടില്‍ സഫൂറ (32)യെ നാദാപുരം ഗവ. ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം രാത്രിയോടെ നാദാപുരം ഡിവൈഎസ്പി ഇ സുനില്‍കുമാര്‍ അറസ്റ്റ് രേഖപ്പെടുത്തി.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മക്കള്‍ക്ക് കഞ്ഞി കൊടുക്കാനെന്നു പറഞ്ഞു വീടിന്റെ മുകളിലേക്കു കൊണ്ടുപോവുകയായിരുന്നു. മൂത്തകുട്ടിയുടെ കൈകാലുകള്‍ ബന്ധിച്ച് വെള്ളം നിറച്ച പെയിന്റ് ബക്കറ്റിലിറക്കി മരണം ഉറപ്പാക്കി. ശേഷം കുട്ടിയുടെ മൃതദേഹം ബക്കറ്റില്‍ നിന്നെടുത്ത് പുറത്തു കുളിമുറിയില്‍ കിടത്തുകയും ഇളയകുട്ടിയെ ബക്കറ്റിലിറക്കിവയ്ക്കുകയുമായിരുന്നു. ഇതിനിടെ ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിച്ച ശേഷം ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമംനടത്തുകയും ചെയ്തു. ബക്കറ്റില്‍ നിന്ന് ഇളയകുട്ടിയുടെ ഞരക്കം കേട്ട സഫൂറ ആത്മഹത്യാ ശ്രമം ഉപേക്ഷിച്ച് കുട്ടിയെ ബക്കറ്റില്‍ നിന്നിറക്കിക്കിടത്തി താഴെ നിലയിലേക്ക് ഓടിയെത്തി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടികളെ ഉടന്‍ നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്‍ഷാലാമിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളാണു സംഭവത്തിനിടയാക്കിയതെന്നു പോലിസിന് മൊഴി നല്‍കി. കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് കുട്ടികളോടുള്ള ക്രൂരത ആക്റ്റ് 75 പ്രകാരവുമാണു യുവതിക്കെതിരേ കേസെടുത്തത്.
Next Story

RELATED STORIES

Share it