മാണിയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ച് കാനം രാജേന്ദ്രന്‍

മലപ്പുറം: ഇടതുമുന്നണിയില്‍ എന്തുവന്നാലും അഴിമതി വീരനായ കെ എം മാണിയെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന ദൃഢ നിശ്ചയവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സംസ്ഥാന സമ്മേളന പരിപാടികള്‍ വിശദീകരിക്കാന്‍ മലപ്പുറത്തെ സ്വാഗതസംഘം ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കാനം കര്‍ക്കശമായ നിലപാടുകള്‍ ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചത്.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ തുടര്‍ന്നും ശക്തമായി തന്നെ പ്രതികരിക്കുമെന്ന സൂചനയും അദ്ദേഹത്തില്‍ നിന്നുണ്ടായി. സിപിഎമ്മിനോട് ഒരു വിട്ടു വീഴ്ചയും പാര്‍ട്ടിക്കുണ്ടാവുകയില്ലെന്നും കാനത്തിന്റെ വാക്കുകള്‍ സൂചന നല്‍കി.  ഇടതുമുന്നണി ആലോചിക്കേണ്ടത് കൂടെ നില്‍ക്കുന്നവരെക്കുറിച്ചാണ് അല്ലാതെ വഴിയില്‍ കിടക്കുന്ന മാണിയെക്കുറിച്ചല്ല. കാനം രാജേന്ദ്രന്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.
കൂടെ നില്‍ക്കുന്ന ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എല്‍ഡിഎഫില്‍ എടുക്കുന്നതിനെക്കുറിച്ച് പോലും മുന്നണി ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ല. കെ എം മാണിക്ക് ഞാന്‍ ഒരിക്കലും ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയില്ല. മാണിയില്‍ നിന്നും ഇടതുപക്ഷത്തിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒന്നും തന്നെ പഠിക്കാനില്ല. മറിച്ച് അദ്ദേഹത്തില്‍ നിന്നും ഒരുപാട് കറുത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഇനിയും ഉണ്ടാവാനും സാധ്യതയുണ്ട്. കാനം പറഞ്ഞു. എല്‍ഡിഎഫിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത് അഴിമതി വിരുദ്ധ സമീപനത്തിന്റെ പേരിലാണ്.
മാണിയെ മുന്നണിയിലെടുത്താല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകരും. അത് ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കും. മുന്നണിവിട്ട ആര്‍എസ്പിയേയും വീരേന്ദ്രകുമാറിന്റെ ജനതാദളിനേയുമാണ് മുന്നണിയില്‍ എത്തിക്കേണ്ടത്. കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടു പോയ കക്ഷിയല്ല. 37 കൊല്ലം മുമ്പ് മുന്നണി പൊളിച്ചുപോയ പാര്‍ട്ടിയാണ്. അവര്‍ എന്നെക്കുറിച്ചും സിപിഐയെകുറിച്ചും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. മറുപടി അര്‍ഹിക്കുന്നുമില്ലെന്നും കാനം പറഞ്ഞു.
Next Story

RELATED STORIES

Share it