Flash News

മാണിയുടെ നിലപാട് നിര്‍ഭാഗ്യകരം: കുഞ്ഞാലിക്കുട്ടി

മാണിയുടെ നിലപാട് നിര്‍ഭാഗ്യകരം: കുഞ്ഞാലിക്കുട്ടി
X


മലപ്പുറം: കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി. മലപ്പുറത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ഇന്നലെ മാണിയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ ലൈനില്‍ കിട്ടിയില്ല. മാണികൂടി യുഡിഎഫില്‍ വേണമെന്നതാണ് ലീഗ് നിലപാട്. സംഭവിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്യും. കോട്ടയത്തെ യുഡിഎഫ് നേതാക്കളുടെ വികാരം കൂടി കണക്കിലെടുക്കും. വിഷയം പാര്‍ട്ടി ഗൗരവത്തില്‍ ചര്‍ച്ച ചെയ്യും. അതിനുശേഷം അഭിപ്രായം പറയും. ഇതില്‍കവിഞ്ഞ് വലിയൊരു പ്രതികരണത്തിന് പാര്‍ട്ടി തയ്യാറല്ല. അതിരുകവിഞ്ഞ അഭിപ്രായ പ്രകടനത്തിന് ലീഗ് ഇല്ല. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുക- അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ പാര്‍ലിമെന്റ് തുടങ്ങുന്ന ദിവസമേ ഉണ്ടാവൂവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഫാറൂഖ് അബ്ദുളള ഉള്‍പ്പെടെ എല്ലാവരും അന്ന് പ്രതിജ്ഞ ചെയ്യും. ഈ മാസം 10 ന് എ ഐ സി സി നേതാക്കളുമായുളള ചര്‍ച്ചയ്ക്ക് ലീഗ് ദേശീയ പ്രസിഡണ്ട് ഖാജാ മൊയ്തീന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക് പോകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും താനും സംഘത്തിലുണ്ടാകും. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കളുമായി ചര്‍ച്ച നടത്തും. മുസഫര്‍ നഗറില്‍ ലീഗ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വേങ്ങര ഉപതിരഞ്ഞെടുപ്പ് റംസാനില്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന്  കത്ത് നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം കുടിവെളള വിതരണത്തിന്റെ തിരക്കിലാണ്. കുടിവെള്ളത്തിനായി  ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ യോഗം വിളിക്കുകയോ ഫണ്ട് നല്‍കുകയോ ചെയ്യുന്നില്ല. കടുത്ത അലംഭാവമാണ് ജലവിതരണത്തിന്റെ കാര്യത്തില്‍ കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മഴക്കാലത്തായാല്‍ പോലും തിരഞ്ഞെടുപ്പിന് ലീഗ് തയ്യാറാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥിയെ കുറിച്ച് പറയാനായിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ. എന്നിട്ടാലോചിക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it