മാണിയുടെ എല്‍ഡിഎഫ് ആഭിമുഖ്യം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കും

കോട്ടയം: കേരളാ കോണ്‍ഗ്രസ്സി (എം)ന്റെ മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം വൈകിപ്പിച്ചതിന് പിന്നില്‍ ജോസഫ് ഗ്രൂപ്പിന്റെ തന്ത്രപരമായ നീക്കം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എല്‍ഡിഎഫുമായി സഹകരിക്കാനുള്ള തീരുമാനം മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കാനുള്ള കെ എം മാണിയുടെ നീക്കമാണ് ജോസഫ് ഗ്രൂപ്പിന്റെ കടുത്ത നിലപാടിലൂടെ പാളിയത്. ഇതോടെ മഹാസമ്മേളനം കേവലമൊരു ശക്തി തെളിയിക്കല്‍ മാത്രമായി ഒതുങ്ങുകയാണുണ്ടായത്. മുന്നണിപ്രവേശനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയിലെ ഭിന്നത മറനീക്കുന്നതായിരുന്നു മഹാസമ്മേളനത്തിലെ ജോസഫിന്റെയും മാണിയുടെയും പ്രസംഗങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ മാണി പുകഴ്ത്തിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചായിരുന്നു ജോസഫ് തന്റെ നിലപാട് പരസ്യമാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയതല്ലാതെ മറ്റൊരു പദ്ധതിയും എല്‍ഡിഎഫ് ആരംഭിച്ചിട്ടില്ലെന്നായിരുന്നു ജോസഫിന്റെ വിമര്‍ശനം. പ്രതിനിധി സമ്മേളനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി ജെ ജോസഫിന് എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്കും പിജെക്കും വ്യത്യസ്ത അഭിപ്രായമില്ലെന്ന് ചൂണ്ടിക്കാട്ടി കെ എം മാണി മറുപടിക്ക് തടയിടുകയാണുണ്ടായത്. എല്‍ഡിഎഫിലേക്ക് അടുക്കുന്നതിനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയതോടെ വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയിലെ രണ്ടാംതലമുറ നേതൃത്വത്തിന്റെയും താല്‍പര്യമാണ് താല്‍ക്കാലികമായെങ്കിലും വെട്ടിനിരത്തപ്പെട്ടത്. മാണി വിഭാഗത്തിലെ സി എഫ് തോമസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ആശിര്‍വാദവും ജോസഫ് വിഭാഗത്തിന്റെ നീക്കത്തിനുണ്ട്. ഇതിനായി തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തില്‍ സി എഫ് തോമസിന്റെ വീട്ടിലുള്‍െപ്പടെ രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണയും ഇവര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്്. കെ എം മാണിയില്‍നിന്ന് ജോസ് കെ മാണി ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കാനിരുന്നതും ഇടതുമുന്നണിയുമായി അടുപ്പം സ്ഥാപിക്കുന്നതിന്റെ അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ മുന്നണിപ്രവേശനം മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കാനില്ലെന്നും നേതൃമാറ്റം അജണ്ടയിലില്ലെന്നും മാണിയെക്കൊണ്ട് തീരുമാനമെടുപ്പിക്കാന്‍ ജോസഫ് വിഭാഗത്തിന് കഴിഞ്ഞു. ഇക്കാര്യത്തില്‍ ജോസ് കെ മാണി അടക്കമുള്ള പുതുതലമുറ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ഇതോടെ കേരളാ കോണ്‍ഗ്രസി (എം)ല്‍ വീണ്ടുമൊരു പിളര്‍പ്പിന് കളമൊരുങ്ങുകയാണ്. മഹാസമ്മേളനത്തിനു മുമ്പ് ജോസഫ് വിഭാഗം മാത്രം പുറത്തുപോവുമെന്ന സ്ഥിതിയായിരുന്നെങ്കില്‍ ഇപ്പോഴത് മാണി വിഭാഗത്തിലെതന്നെ സി എഫ് തോമസ് അടക്കമുള്ള പ്രമുഖരും അവരോടൊപ്പമുണ്ടാവുമെന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.—എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദങ്ങളൊഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ, സംസ്ഥാന ഭാരവാഹിത്വങ്ങളിലേക്ക് ജോസ് കെ മാണി നിര്‍ദേശിക്കുന്നവരെ കൊണ്ടുവന്നത്. കോട്ടയം ജില്ലാപ്രസിഡന്റ് ഇ ജെ ആഗസ്തിയെ മാറ്റി സണ്ണി തെക്കേടത്തെ നിയമിച്ചത് ഇതിന്റെ ഭാഗമായാണ്. കോട്ടയം ജില്ലാപഞ്ചായത്തില്‍ എല്‍ഡിഎഫുമായി സഹകരിക്കാനുള്ള തീരുമാനത്തിിനെതിരേ ആഗസ്തി പരസ്യമായി രംഗത്ത്‌വന്നിരുന്നു. പൊതുവില്‍ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന പഴയ തലമുറയിലെ നേതാക്കളെയാകെ നിശ്ശബ്ദരാക്കി മഹാസമ്മേളനത്തിലേക്ക് കടക്കുകയായിരുന്നു മാണിയുടെ ലക്ഷ്യം. ഈ നീക്കമാണ് ജോസഫ് വിഭാഗം തന്ത്രപരമായ നീക്കങ്ങളിലൂടെ പൊളിച്ചത്. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ചര്‍ച്ചയ്ക്കു വന്നില്ല. തോമസ് ഉണ്ണിയാടന്‍ വ്യക്തമായിത്തന്നെ യുഡിഎഫിനെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ സി എഫ് തോമസ് അദ്ദേഹത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. ഏതായാലും മുന്നണി പ്രവേശനത്തിലേക്ക് കേരളാ കോണ്‍ഗ്രസ് (എം) കടക്കുമ്പോള്‍ പാര്‍ട്ടിയില്‍ വീണ്ടുമൊരു പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്.
Next Story

RELATED STORIES

Share it