malappuram local

മാണിക്യന്‍മുടിയുടെ താഴ്‌വാരത്തെ കുന്നിടിക്കല്‍ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍

നിലമ്പൂര്‍: വില്ലേജ് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കുന്നിടിക്കല്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. നിലമ്പൂര്‍ താലൂക്കില്‍ പുള്ളിപ്പാടം വില്ലേജ് പരിധിയില്‍ വെണ്ടേക്കുംപൊയിലിലാണ് സ്വകാര്യവ്യക്തി കുന്നിടിച്ച് നിരത്തുന്നത്. സംഭവത്തില്‍ നിലമ്പൂര്‍ തഹസില്‍ദാര്‍, പുള്ളിപ്പാടം വില്ലേജ് ഓഫിസര്‍ എന്നിവരില്‍ നിന്നു വിശദീകരണം തേടും. കഴിഞ്ഞ 29ന് പുള്ളിപ്പാടം വില്ലേജ് ഓഫിസര്‍ പി മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വണ്ടൂര്‍ നടുവത്ത് സ്വദേശിയായ സ്ഥലമുടമയ്ക്ക് സ്റ്റോപ് മെമ്മോ നല്‍കി. എന്നാല്‍, വില്ലേജ് അധികൃതര്‍ മടങ്ങിയതോടെ ഹിറ്റാച്ചിയും എക്‌സ്‌കവേറ്ററും ഉപയോഗിച്ച് കുന്നിടിക്കലും പാറപൊട്ടിക്കലും തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച വീണ്ടും കുന്നിടിക്കല്‍ നടക്കുന്ന വിവരം വില്ലേജ് ഓഫിസറെ അറിയിച്ചെങ്കിലും കുന്നിടിക്കലിന് ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനുപകരം സ്ഥലമുടമയ്ക്ക് ഫോണ്‍ ചെയ്ത് പണി നിര്‍ത്തിവയ്ക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചത്. റവന്യുവകുപ്പിന്റെ താക്കീത് അവഗണിച്ച് പണി തുടര്‍ന്നാല്‍ സ്ഥലമുടമയ്‌ക്കെതിരേ കേസെടുക്കുമെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം ബ്ലോക്കിലാണ് സമുദ്രനിരപ്പില്‍ നിന്നു 2500 അടിയിലേറെ ഉയരത്തില്‍ നില്‍ക്കുന്ന മാണിക്യന്‍മുടിയുടെ താഴ്‌വാരത്ത് 500 മീറ്ററിലേറെ നീളത്തില്‍ ഭൂമി ഇടിച്ച് നിരത്തുന്നത്. 4.84 ഏക്കര്‍ സ്ഥലമാണ് ഇയാളുടെ പേരിലുള്ളത്. ഇത് ഇനിയും പോക്കുവരവുപോലും നടത്തിയിട്ടില്ല.
Next Story

RELATED STORIES

Share it