Football

മാഡ്രിഡില്‍ റയല്‍ ആറാട്ട്

മാഡ്രിഡില്‍ റയല്‍ ആറാട്ട്
X


മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസ താരം സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ആളിക്കത്തിയപ്പോള്‍ ജെറോണപ്പട ചാമ്പല്‍. സ്പാനിഷ് ലീഗിലെ ആവേശ മല്‍സരത്തില്‍ മൂന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. ഈ സീസണിലെ റയലിനെ അട്ടിമറിച്ച ജെറോണയോടുള്ള മധുര പ്രതികാരം കൂടിയായിരുന്നു സ്വന്തം തട്ടകത്തില്‍ റയല്‍ വീട്ടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാലു ഗോളുകള്‍ ജെറോണയുടെ ഗോള്‍ പോസ്റ്റില്‍ അടിച്ചുകയറ്റി തന്റെ കരിയറിലെ 50ാം ഹാട്രിക്കും ഇന്നലെ അക്കൗണ്ടിലാക്കി. ഇതോടെ ലാ ലിഗയിയുടെ ഈ സീസണില്‍ 22 ഗോളുകളും റൊണാള്‍ഡോ പൂര്‍ത്തിയാക്കി.മികച്ച യുവതാരങ്ങളുള്ള ജെറോണയുടെ കളിക്കരുത്തിന് മുന്നില്‍ ഒരുവട്ടം തലകുനിച്ച റയല്‍ നിര ഇത്തവണ കരുതിത്തന്നെയാണ് കളത്തിലിറങ്ങിയത്. 4-4-2 ഫോര്‍മാറ്റില്‍ റയലിനെ സിദാന്‍ വിന്യസിച്ചപ്പോള്‍ 5-3-2 ഫോര്‍മാറ്റിലായിരുന്നു ജെറോണ കളി മെനഞ്ഞത്. മാഡ്രിഡില്‍ കളികാണാനെത്തിയ 59,097 ആരാധകരെ സാക്ഷിയാക്കി 11ാം മിനിറ്റില്‍ത്തന്നെ റയല്‍ അക്കൗണ്ട് തുറന്നു. ടോണി ക്രൂസിന്റെ അസിസ്റ്റിനെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. തുടക്കത്തിലേ തന്നെ ലീഡ് നേടിയതോടെ റയല്‍ നിരയുടെ ആവേശമുയര്‍ന്നെങ്കിലും 29ാം മിനിറ്റില്‍ ജെറോണ സമനില പിടിച്ചു. ഗ്രാനലിന്റെ അസിസ്റ്റിലൂടെ സ്റ്റുവാനിയാണ് ജെറോണയ്ക്ക് സമനില സമ്മാനിച്ചത്. മല്‍സരം 1-1 എന്ന നിലയില്‍. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്ത് ഗോളുകളൊന്നും പിറന്നില്ലെങ്കിലും കളി മികവുകൊണ്ട് റയല്‍ കൈയടി നേടി. ആദ്യ പകുതിയില്‍ മാത്രം 68 ശതമാനം പന്തടക്കിവച്ച റയല്‍ നിര 12 തവണയാണ് ജെറോണ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചത്. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 1-1 സമനിലയോടെയാണ് ഇരുകൂട്ടരും കളം പിരിഞ്ഞത്.രണ്ടാം പകുതിയുടെ തുടക്കം തന്നെ റൊണാള്‍ഡോ റയലിന്റെ ലീഡുയര്‍ത്തി. ബെന്‍സേമയുടെ അസിസ്റ്റിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം. 59ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ അസിസ്റ്റിലൂടെ ലൂക്കാസ് റയലിന്റെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. 64ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ കാലുകള്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ റയല്‍ 4-1ന് മുന്നില്‍. റയലിന്റെ കളിക്കരുത്തിന് മുന്നിലും പോരാട്ടം കൈവിടാതെ കളിച്ച ജെറോണ 67ാം മിനിറ്റില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു.  സ്റ്റുവാനിയാണ് ഇത്തവണയും ജെറോണയ്ക്ക് വേണ്ടി വലകുലുക്കിയത്. എന്നാല്‍ ഗോള്‍ദാഹം മാറാതെ കളി തുടര്‍ന്ന റയലിനുവേണ്ടി 85ാം മിനിറ്റില്‍ ഗാരത് ബെയ്‌ലും വലകുലുക്കി. രണ്ട് മിനിറ്റിനുള്ളില്‍ ജുവാന്‍പിയിലൂടെ ജെറോണ മൂന്നാം ഗോള്‍ സ്വന്തമാക്കി. പിന്നീട് 91ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ അസിസ്റ്റിലൂടെ റൊണാള്‍ഡോ സ്വന്തം പേരില്‍ നാലാം ഗോളും റയലിന്റെ അക്കൗണ്ടില്‍ ആറാം ഗോളും ചേര്‍ത്തു. നിലവില്‍ 29 മല്‍സരങ്ങളില്‍ നിന്ന് 60 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് റയലുള്ളത്. റയലിനേക്കാള്‍ 15 പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സലോണയാണ് പട്ടികയുടെ തലപ്പത്ത്.
Next Story

RELATED STORIES

Share it