Flash News

മാട്ടിറച്ചി പ്രതിസന്ധി: പദ്ധതികള്‍ ആവിഷ്‌കരിക്കണം- മുഖ്യമന്ത്രി



തിരുവനന്തപുരം: കന്നുകാലി കശാപ്പ് കേന്ദ്രം നിയന്ത്രിച്ചതുമൂലം കേരളത്തിലെ മാട്ടിറച്ചി വിപണന മേഖലയും പാല്‍ ഉല്‍പാദനവും നേരിടുന്ന പ്രതിസന്ധി തരണംചെയ്യാന്‍ കേരളത്തിലെ വ്യവസായസമൂഹം പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരുവര്‍ഷം 6500 കോടി രൂപയുടെ മാട്ടിറച്ചി കേരളത്തില്‍ വില്‍ക്കുന്നുണ്ട്. 15 ലക്ഷം കാലികളാണ് പുറത്തുനിന്ന് കേരളത്തിലേക്ക് വരുന്നത്. പുതിയ നിയന്ത്രണം നമ്മുടെ ഭക്ഷണ ആവശ്യത്തെയും പാല്‍ ഉല്‍പാദനത്തെയും വളരെ പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി വ്യവസായ അവസരമായി മാറ്റിയെടുക്കാന്‍ കഴിയണം. കാലികളെ വളര്‍ത്തുന്ന ഫാമുകളും ആധുനിക അറവുശാലകളും വരണം. അതിന്റെ ഭാഗമായി പാല്‍ ഉല്‍പാദനവും വര്‍ധിക്കും. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാന്‍ അതുവഴി കഴിയുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.  വ്യവസായം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ ഒരുവര്‍ഷം സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സിഐഐ പ്രതിനിധികള്‍ ശ്ലാഘിച്ചു. ഭവനരഹിതര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്ന ലൈഫ് മിഷന്‍ പദ്ധതിക്ക് സിഐഐയുടെ പിന്തുണയും പങ്കാളിത്തവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വ്യവസായം, ഐടി, ടൂറിസം, പൊതുഗതാഗത സംവിധാനം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളുടെ വികസനം സംബന്ധിച്ച് സിഐഐ ഒട്ടേറെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. അവയെല്ലാം സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it