മാജിക് മല്‍സരയിനമാക്കാനുള്ള നീക്കം മജീഷ്യന്‍മാര്‍ ഇടപെട്ട് അപ്രത്യക്ഷമാക്കി

കെ എം അക്ബര്‍ തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മാജിക് മല്‍സരയിനമായി ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം മജീഷ്യന്‍മാര്‍ ഇടപെട്ട് അപ്രത്യക്ഷമാക്കി. 2018 മുതല്‍ കലോല്‍സവത്തില്‍ മാജിക് മല്‍സരയിനമായി ഉള്‍പ്പെടുത്തുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനമാണ് ജാലവിദ്യക്കാരുടെ കൈയടക്കത്തില്‍ ഇല്ലാതായത്. പൊതുസമൂഹത്തിന് മാജിക്കിനോടുള്ള കൗതുകം നഷ്ടമാവുമെന്ന വാദമുയര്‍ത്തി ജാലവിദ്യക്കാര്‍ മന്ത്രിയെ നേരിട്ടു കണ്ട് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കണ്ണൂരില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പെണ്‍കുട്ടികളുടെ ഭരതനാട്യവേദിക്കു മുന്നില്‍ മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ 15ലേറെ മജീഷ്യന്‍മാര്‍ പ്രതീകാത്മക ആത്മഹത്യ ചെയ്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആരെങ്കിലും നിവേദനമോ നിര്‍ദേശമോ നല്‍കിയെന്നതിന്റെ പേരില്‍ മാത്രം കലോല്‍സവത്തില്‍ മാജിക് മല്‍സരയിനമാക്കുന്നതിന്റെ യുക്തിയെ മജീഷ്യന്‍മാര്‍ ചോദ്യംചെയ്തു. മജീഷ്യന്റെ വേഗവും തന്ത്രവുമാണ് മാജിക്. ജാലവിദ്യ ചടുലമായി ചെയ്യുമ്പോള്‍ കാണികള്‍ കൈയടിക്കും. മാജിക് മല്‍സരയിനമാവുന്നതോടെ എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ മാജിക് പഠിച്ചുതുടങ്ങും. മാജിക്കിന്റെ രഹസ്യാത്മകസ്വഭാവം നഷ്ടപ്പെടാന്‍ ഇതു കാരണമാവും തുടങ്ങിയവയായിരുന്നു പരാതികള്‍. മാജിക്കിനെ സഹായിക്കുന്ന ഒട്ടേറെ ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് നാട്ടിലെല്ലാവരും ജാലവിദ്യാപ്രകടനം നടത്തുന്നതോടെ മാജിക് കാണാനുള്ള താല്‍പര്യം തന്നെ കുറയും. ഇതിനു പുറമേ മറ്റു മല്‍സരയിനങ്ങളിലെ പോലെ ഏറ്റവും വിലകൂടിയ മാജിക് ഉപകരണങ്ങള്‍ സ്വന്തമാക്കാനും രക്ഷിതാക്കള്‍ തമ്മില്‍ മല്‍സരമുണ്ടാവും. ഈ മല്‍സരം പാവപ്പെട്ട തെരുവുമാന്ത്രികരെ പോലും പട്ടിണിയിലാക്കും. കലോല്‍സവത്തില്‍ മാജിക് മല്‍സരയിനമാക്കിയാല്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനു വേണ്ടി മാത്രം അതു പഠിക്കാന്‍ എത്തുന്നവര്‍ പെരുകും. കലോ ല്‍സവം കഴിഞ്ഞാല്‍ പിന്നെ അവര്‍ക്കു അതിനോടു താല്‍പര്യം കുറയും. പിന്നെ മാജിക്കിനു പിന്നിലുള്ള രഹസ്യങ്ങള്‍ ജനത്തെ അറിയിക്കുന്നതിലായിരിക്കും താല്‍പര്യം. ഇതെല്ലാം ഉയര്‍ത്തിക്കാട്ടി മജീഷ്യന്‍മാര്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ തീരുമാനം മാജിക് പോലെ തന്നെ അപ്രത്യക്ഷമാവുകയായിരുന്നു. എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴും മാജിക് മല്‍സരയിനമാക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയുണ്ടായിരുന്നു. അന്നും മജീഷ്യന്‍മാരുടെ സംഘടന ഇടപെട്ടാണ് നീക്കം ഇല്ലാതാക്കിയത്.
Next Story

RELATED STORIES

Share it