മഹാരാഷ്ട്ര പോലിസ് ഇലക്‌ട്രോണിക് മാധ്യമങ്ങളെ ഉപയോഗിച്ചു- ജ. ചന്ദ്രചൂഡ്‌

ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ സ്വതന്ത്ര അന്വേഷണം അതാവശ്യമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ന്യൂനപക്ഷ വിധി. മൗലികമായ നീതി നിഷേധിക്കാന്‍ സാങ്കേതികത്വത്തെ അനുവദിക്കരുതെന്ന് ഡി വൈ ചന്ദ്ര—ചൂഡ് തന്റെ വിധിന്യായത്തില്‍ വ്യക്തമാക്കി. ഭരണഘടനാപരമായ അവകാശങ്ങളുടെ പ്രധാന്യം വ്യക്തമാക്കിയാണ് ചന്ദ്രചൂഡ് വിധിന്യായം ആരംഭിക്കുന്നത്.
പൂനെ പോലിസ് ഈ കേസില്‍ ഇതുവരെ നടത്തിയ നടപടികളെ അതിരൂക്ഷമായ ഭാഷയിലാണ് ചന്ദ്രചൂഡ് വിമര്‍ശിക്കുന്നത്. പൂനെ പോലിസിന്റെ അന്വേഷണം സ്വതന്ത്രമല്ല. പോലിസ് അന്വേഷണം ശരിയല്ലെന്ന് തോന്നിയാല്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് ഐഎസ്ആര്‍ഒ കേസിലെ നമ്പി നാരായണന്റെ അനുഭവം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. അതിനാല്‍ എസ്‌ഐടി അന്വേഷണത്തിന് ഉചിതമായ കേസാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു. അന്വേഷണസംഘം കോടതിയില്‍ കൃത്യമായ ഇടവേളകളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വിധിയാണ് ഡിവൈ ചന്ദ്രചൂഡ് പുറപ്പെടുവിച്ചത്.
കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മഹാരാഷ്ട്ര പോലിസ് വളരെ തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ഇത് മാധ്യമവിചാരണയ്ക്ക് കാരണമായി. അന്വേഷണം നിഷ്പക്ഷമല്ലെന്ന തോന്നലുണ്ടാക്കിയെന്നും ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു. പ്രതിയാക്കപ്പെട്ട സുധാ ഭരധ്വാജ് എഴുതി എന്നു പറയപ്പെടുന്ന കത്ത് റിപബ്ലിക് ടിവിയില്‍ സംപ്രേഷണം ചെയ്തു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പോലിസ് പ്രത്യേകമായി മാധ്യമങ്ങള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
പൊതുബോധം രൂപീകരിക്കുന്നതിനായി മഹാരാഷ്ട്ര പോലിസ് ഇലക്‌ട്രോണിക് മാധ്യമങ്ങളെ ഉപയോഗിച്ചു. പ്രതിപക്ഷത്തിന്റെ വായ്മൂടിക്കെട്ടാന്‍ കഴിയില്ല. കാരണം ഇതാണ് വിയോജിപ്പ്. സ്വാതന്ത്ര്യം തടഞ്ഞുവയ്ക്കപ്പെട്ടാല്‍ ഇത് പിന്നീട് നഷ്ടപരിഹാരമായി നല്‍കാന്‍ കഴിയില്ലെന്നും ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തിന്റെ വിധി പ്രസ്താവത്തില്‍ എഴുതിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it