മഹാരാജാസ് സംഭവം: സ്വതന്ത്ര അന്വേഷണം നടത്തണം- കാംപസ് ഫ്രണ്ട്‌

കോട്ടയം: മഹാരാജാസ് കോളജിലെ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മഹാരാജാസില്‍ കാലങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച് മുതലെടുക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. അതുകൊണ്ട് പോലിസ് നിഷ്പക്ഷമായ അന്വേഷണത്തിന് തയ്യാറാവുകയും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും വേണം. കോളജില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത് എസ്എഫ്‌ഐ ആണെന്നതിന്റെ തെളിവാണ് ചുവരെഴുത്ത് വികൃതമാക്കിയ നടപടി. കഴിഞ്ഞ യൂനിയന്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും അവയെ തകര്‍ക്കാനും എസ്എഫ്‌ഐയെ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ മിക്ക കാംപസുകളിലും അക്രമത്തിലൂടെ ആധിപത്യം നേടാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. കരുതിക്കൂട്ടി സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതാണ് എസ്എഫ്‌ഐയുടെ സംഘടനാ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം പ്രവേശനോല്‍സവവുമായി ബന്ധപ്പട്ട് സ്ഥാപിച്ച കാംപസ് ഫ്രണ്ടിന്റെ പോസ്റ്ററുകളും ബാനറുകളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു.
മഹാരാജാസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നിരവധി അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. മുമ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ് റെയ്ഡ് നടത്തിയപ്പോള്‍ കോളജ് ഹോസ്റ്റലില്‍ നിന്നു മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ ആസൂത്രിതമായ കൊലപാതകമായി ചിത്രീകരിച്ച് കാംപസ് ഫ്രണ്ടിന്റെ പേരില്‍ കെട്ടിവച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് എസ്എഫ് ഐ.
ഇത് തിരിച്ചറിയണമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലീം, സെക്രട്ടറി സി പി അജ്മല്‍, കമ്മിറ്റിയംഗം എസ് മുഹമ്മദ് റാഷിദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it