Editorial

മഹാരാജാസിലെ നിര്‍മാണ സാമഗ്രികള്‍



മഹാരാജാസ് കോളജിലെ സ്റ്റാഫ് ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിപക്ഷം അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയിരിക്കുന്നു. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് പി ടി തോമസും ഹൈബി ഈഡനും നോട്ടീസ് നല്‍കിയത്. ഈ മാസം 5ന് ഇതുസംബന്ധമായി പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയപ്പോള്‍ ചില നിര്‍മാണ സാമഗ്രികള്‍ മാത്രമാണ് അവിടെ നിന്നു കണ്ടെത്തിയതെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് എഫ്‌ഐആറിനു കടകവിരുദ്ധമാണെന്നും എഫ്‌ഐആറിലും സെര്‍ച്ച് ലിസ്റ്റിലുമുള്ള കാര്യങ്ങളൊന്നും മുഖ്യമന്ത്രി പറഞ്ഞില്ലെന്നുമാണ് ആരോപണം. ഈ പ്രസ്താവനയിലൂടെ അന്വേഷണം വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഇതു നിയമസഭയ്ക്കും അംഗങ്ങള്‍ക്കുമെതിരായ അവകാശലംഘനമാണെന്നുമാണ് പ്രതിപക്ഷ വാദം. വിപ്ലവത്തിന്റെ അനന്തവും പ്രവചനാതീതവും വൈരുധ്യാത്മകവുമായ വഴികളെയും വാരിക്കുഴികളെയും കുറിച്ചും അവ യഥാവിധി വിശദീകരിക്കാനുള്ള ഭാഷാപരമായ പരിമിതികളെക്കുറിച്ചുമൊന്നും ഒരു ശരാശരി കേരളീയനു വേണ്ടത്ര അവഗാഹമില്ലെങ്കിലും മുഖ്യമന്ത്രി പറഞ്ഞ നിര്‍മാണ സാമഗ്രികളെക്കുറിച്ച ചില അനുഭവജ്ഞാനങ്ങള്‍ അവര്‍ക്കുണ്ട്. കേരളത്തിലെ കലാലയങ്ങളും കലാലയ പരിസരങ്ങളും കുരുതിക്കളമാക്കുന്നതില്‍ ഈ നിര്‍മാണ സാമഗ്രികള്‍ക്ക് വലിയ പങ്കുണ്ടെന്ന കാര്യവും അവര്‍ക്കറിയാം. ഈ പണിയായുധങ്ങളുടെ കൈവശാവകാശവും അവ പ്രയോഗിക്കാനുള്ള കര്‍തൃത്വാവകാശവും കൈവശം വച്ചിരിക്കുന്നത് പ്രധാനമായും സിപിഎം വിദ്യാര്‍ഥിവിഭാഗമായ എസ്എഫ്‌ഐയാണെന്ന കാര്യത്തിലും ജനങ്ങള്‍ക്ക് അഭിപ്രായഭേദം ഉണ്ടാകാന്‍ ഇടയില്ല. കേരളത്തിലെ കാംപസുകളില്‍ എസ്എഫ്‌ഐ നേടുന്ന ആധിപത്യത്തിന്റെ രഹസ്യങ്ങളില്‍ ഒന്ന് ഈ നിര്‍മാണ സാമഗ്രികളുടെ മൂര്‍ച്ചയാണ്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐക്ക് മേല്‍പ്പറഞ്ഞ“നിര്‍മാണ സാമഗ്രികളുടെ”വന്‍ശേഖരം തന്നെ ഉണ്ടെന്ന് ആരോപിച്ചവരില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫുമുണ്ട്. മഹാരാജാസിലെ നിര്‍മാണ സാമഗ്രികള്‍ ഏതു തരത്തില്‍ ഉള്ളതാണെന്നു ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണ്. തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കും വിമര്‍ശകര്‍ക്കുമെതിരേ പ്രവര്‍ത്തകരുടെ ഏതു തരം അക്രമത്തെയും വ്യംഗ്യമായി ന്യായീകരിക്കുകയോ വ്യാഖ്യാനിച്ചു വിശുദ്ധമാക്കുകയോ ചെയ്യുന്നതാണ് സിപിഎമ്മിന്റെ നയം. വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ജില്ലയിലെ പാറക്കടവില്‍ സിപിഎം പ്രവര്‍ത്തകര്‍ മുസ്‌ലിം വീടുകളില്‍ ഉത്തരേന്ത്യന്‍ രീതിയില്‍ നടത്തിയ കൊള്ളയെ പരേതനായ സിപിഎം എംഎല്‍എ നിയമസഭയില്‍ ന്യായീകരിച്ചത്, പ്രമാണിത്തത്തിനെതിരേ തൊഴിലാളിവര്‍ഗത്തിന്റെ മുന്നേറ്റമായി അതിനെ വിശേഷിപ്പിച്ചുകൊണ്ടാണ്. ഇത്തരം വിശേഷണങ്ങളുടെ ഭാഗമായി വേണം മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും കാണാന്‍. സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ ഒരാളില്‍ നിന്നാവുമ്പോള്‍ ഇത്തരം വായ്ത്താരികള്‍ വെറും വാചകമടിയായി കാണാന്‍ കഴിയില്ല.
Next Story

RELATED STORIES

Share it