kozhikode local

മസ്തിഷ്‌കമരണം സംഭവിച്ച വിഷ്ണുവിന്റെ ഹൃദയം ഇനി ഫിനുവിന്റെ ശരീരത്തില്‍ തുടിക്കും

കോഴിക്കോട്: വിഷ്ണുവിന്റെ ഹൃദയം ഇനി ഫിനുവിന്റെ ശരീരത്തില്‍ തുടിക്കും. ബൈക്കില്‍ കാറിടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച വളയനാട് മണല്‍താഴം സുനിലിന്റെ മകന്‍ വിഷ്ണു (23) ന്റെ ഹൃദയമാണ് മടവൂര്‍ ചക്കാലക്കല്‍ സ്വദേശിയായ ഫിനു ഷെറിന് ദാനം ചെയ്തത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് വിഷ്ണു സഞ്ചരിച്ച ബൈക്കില്‍ മാത്തറ വച്ച് കാറിടിച്ചത്. പന്തീരാങ്കാവില്‍ ടെക്്‌സ്റ്റൈല്‍സില്‍ ജോലി ചെയ്യുന്ന വിഷ്ണു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
വിഷ്ണുവിനൊപ്പം സഞ്ചരിച്ച മാങ്കാവ് ചിമ്മിനിക്കല്‍ അരുണന്‍ (23) നും പരിക്കേറ്റിരുന്നു. ഇരുവരേയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതോടെ തളര്‍ന്നു വീണ വിഷ്ണുവിന്റെ അച്ഛന്‍ തന്റെ മകന്റെ ഹൃദയം മറ്റൊരാളുടെ ശരീരത്തില്‍ തുടിക്കുന്നതിന് സമ്മതം മൂളുകയായിരുന്നു. ഇതോടെ നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ച ഫിനു ഷെറിന് ഹൃദയം മാറ്റി വെക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇക്കാര്യം ഫിനു ഷെറിന്റെ ബന്ധുക്കളെ അറിയിച്ചു. നിര്‍ധന കുടുംബമായ ചക്കാലക്കല്‍ സ്വദേശി സിദ്ദിഖ്-സറീന ദമ്പതികളുടെ മകള്‍ ഫിനു ഷെറിന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ചികില്‍സക്കായി നേരത്തെ ചികില്‍സ കമ്മിറ്റി രൂപീകരിച്ച് 40 ലക്ഷത്തോളം രൂപ സ്വരൂപിച്ചിരുന്നു.
എന്നാല്‍ മാറ്റി വയ്ക്കാന്‍ ഹൃദയം ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതോടെ കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വിഷ്ണുവിന്റെ ബന്ധുക്കള്‍ ഹൃദയം ദാനം ചെയ്യാന്‍ തയാറായതോടെ മണിക്കൂറുകള്‍ക്കകം ഫിനു ഷെറിനെ കോഴിക്കോട് മെട്രോ ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടിന് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 8.30 ന് അവസാനിച്ചു.ഡോ. വി നന്ദകുമാര്‍, ഡോ. അശോക്ജയരാജ്, ഡോ. സുശീര്‍ ബാലകൃഷ്ണ പിള്ള തുടങ്ങിയവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

Next Story

RELATED STORIES

Share it