malappuram local

മസ്ജിദുല്‍ ഗഫാറിലെ ബാങ്കൊലിക്കാരനെ തേടിയെത്തിയത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

സമീര്‍ കല്ലായി

മലപ്പുറം: മലപ്പുറം കുന്നുമ്മലിലെ മസ്ജിദുല്‍ ഗഫാറില്‍ നിന്നു ദശാബ്ദങ്ങള്‍ക്കു മുമ്പ് സുന്ദരമായ ബാങ്കൊലി മുഴങ്ങുമായിരുന്നു. ആ ബാങ്ക് വിളിക്കാരനെ തേടിയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര ഗായക പുരസ്‌കാരമെത്തിയത്. മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് അമന്‍ യൗവ്വന കാലത്ത് മലപ്പുറത്തെ മികച്ച കാല്‍പന്തുകളിക്കാരന്‍ കൂടിയായിരുന്നു. മലപ്പുറം സ്‌പോര്‍ട്ടിങ് ഫുട്‌ബോള്‍ ക്ലബിലെ ഈ മുന്നേറ്റനിരക്കാരന്‍ ഒടുവില്‍ ചെന്നെത്തിയത് ഗസലുകളിലും സിനിമാ സംഗീത സംവിധാന രംഗത്തുമാണ്്. ഇന്ന് മലപ്പുറം ടൗണ്‍ഹാള്‍ സ്ഥിതി ചെയ്യുന്ന കോടതി ഗ്രൗണ്ടില്‍ പന്തു തട്ടികളിച്ച മുഹമ്മദ് റഫീഖ് എന്ന റാഫി അവസരങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ നാടക-ടെലിഫിലിം അഭിനയത്തിലേക്കും സംഗീതത്തിലേക്കും വഴിമാറുകയായിരുന്നു. എഴുതാനും പ്രസംഗിക്കാനും വരയ്ക്കാനും മിടുക്കനായിരുന്ന റാഫിയെ തേടി ഇതാദ്യമായാണ് സംസ്ഥാന അവാര്‍ഡ് എത്തുന്നത്. മലപ്പുറം കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായിരുന്ന പരേതനായ ആനക്കായി മരക്കാറിന്റേയും കുഞ്ഞിപ്പാത്തുവിന്റേയും അഞ്ചുമക്കളില്‍ മൂത്തവനായ ഷഹബാസ് അമന്‍ കോട്ടപ്പടിയിലെ കൂട്ടായ്മയായ റിംഗോസ്റ്റാറിലൂടെയാണ് സംഗീത ലോകത്തെത്തുന്നത്. സംഗീതോപകരണങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ഷഹബാസ് അമന്‍ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ ഗസല്‍ അവതരിപ്പിച്ചിട്ടുണ്ട്.
മികച്ച പിന്നണി ഗായിക സിതാര കൃഷ്ണകുമാറും മലപ്പുറം ജില്ലക്കാരിയാണ്. മലപ്പുറം തേഞ്ഞിപ്പലം കെ എം കൃഷ്ണകുമാറിന്റേയും-സാലിയുടേയും മകളാണ്. ഇത് രണ്ടാം തവണയാണ് സിതാരയെ തേടി സംസ്ഥാന പുരസ്‌കാരമെത്തുന്നത്. 2012ല്‍ സെല്ലുലോയ്ഡ് സിനിമയില്‍ സിതാര ആലപിച്ച ഏനുണ്ടോടി അമ്പിളി ചന്തം... ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചിരുന്നത്.
ഇത്തവണ വിമാനത്തിലെ  വാനമകലുന്നുവോ... എന്ന ഗാനത്തിനാണ് പുരസ്‌കാരം. ഭര്‍ത്താവ് ഡോ.സജീഷ് എറണാകുളം ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറാണ്. അപ്രതീക്ഷിതമായി ഇന്ന് വനിതാദിനത്തില്‍ ലഭിച്ച അവാര്‍ഡ് ഇരട്ടി സന്തോഷം പകരുന്നതാണെന്ന്് സിതാര തേജസിനോട്് പറഞ്ഞു.
Next Story

RELATED STORIES

Share it