മഴ: ഹിമാചലിലേക്ക് ടൂര്‍ പോയ 30 അംഗ സംഘം മണാലിയില്‍ കുടുങ്ങി

കൊല്ലങ്കോട്: ഹിമാചലിലേക്ക് വിനോദസഞ്ചാരത്തിനു പോയ പാലക്കാട് കൊല്ലങ്കോട് മര്‍ച്ചന്റ് അസോസിയേഷന്‍ യുവാക്കള്‍ അടങ്ങുന്ന 30 അംഗ സംഘം ശക്തമായ മഴയെ തുടര്‍ന്ന് മണാലിയില്‍ കുടുങ്ങി. കഴിഞ്ഞ 20ന് വ്യാഴാഴ്ചയാണ് 30 പേരടങ്ങുന്ന സംഘം കൊല്ലങ്കോടു നിന്ന് യാത്ര പോയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു ഡല്‍ഹിയില്‍ എത്തിയ സംഘം 21നു ഷിംലയിലും 22നു മണാലിയിലും എത്തി. ഇന്നലെ പുലര്‍ച്ച 5.30നു മഞ്ഞുമല കാണാന്‍ റോഹാത്താങ് പാസിലേക്ക് തിരിച്ച സംഘം 9 മണിയോടെ എത്തിയപ്പോഴാണ് കാലാവസ്ഥാ മാറ്റവും കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടത്.
ഇവര്‍ നിന്നിരുന്ന സ്ഥലത്ത് 11 കെവി ഇലക്ട്രിക് ലൈന്‍ പൊട്ടിവീണെങ്കിലും ജീവഹാനിയില്ലാതെ രക്ഷപ്പെട്ടുവെന്നും സംഘത്തിലുള്ള ജിനേഷ് ഫോണില്‍ നാട്ടില്‍ അറിയിച്ചു. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും മഴയും തുടര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത മഴയില്‍ പാത ഒലിച്ചുപോയതായും പറയുന്നു. ഉച്ചയോടെ കാട്ടില്‍ നിന്ന് ആപ്പിള്‍ പറിച്ചുതിന്നാണ് വിശപ്പടക്കിയതെന്നും മഹാലിംഗം പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഡല്‍ഹിയില്‍ നിന്നു തിരിച്ച് നെടുമ്പാശ്ശേരിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റ്. എന്നാല്‍, കുടുങ്ങിക്കിടക്കുന്നിടത്തു നിന്നു യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
കൊല്ലങ്കോട് വ്യാപാരികളായ അവിനാഷ്, എന്‍ ആര്‍ റിയാസ്, എ എം ജമേഷ്, എ എം ജിനേഷ്, പ്രസാദ്, സുകുമാരന്‍, വൈശാഖ്, ആഷിഖ്, സുന്ദര്‍, കൃഷ്ണദാസ്, വിശ്വംഭരന്‍, ഉസ്മാന്‍, പ്രസാദ്, സെയ്ഫുദ്ദീന്‍, സി ജെ രാജേഷ്, ബാരീസ്, അശോകന്‍, മുരുകന്‍കുട്ടി, സക്കീര്‍ ഹുസൈന്‍, മഹാലിംഗം, സജീവ് കുമാര്‍, രാമകൃഷ്ണന്‍, അജിലാല്‍, നാരായണന്‍, ശിവന്‍, ഹരിദാസ്, ദണ്ഡപാണി, രാജകുമാരന്‍, മണികണ്ഠന്‍, ഷേക്ക് മുസ്തഫ എന്നിവരാണ് കുടുങ്ങിയത്.

Next Story

RELATED STORIES

Share it