kozhikode local

മഴ വന്നാല്‍ വൈദ്യുതിയില്ല ; ഇരുട്ടിലായി മലയോരം



കാളികാവ്: മലയോരമേഖലയില്‍ മെയ് ഒന്നുമുതല്‍ രണ്ടാഴ്ചയ്ക്കിടെ വൈദ്യുതി മണിക്കൂറുകള്‍ മാത്രം. ഈ മാസം ഒന്നിനുണ്ടായ കനത്ത കാറ്റുമൂലം പലയിടങ്ങളിലും പോസ്റ്റുകള്‍ ഒടിഞ്ഞതിനാല്‍ നാലു ദിവസം കഴിഞ്ഞാണ് വൈദ്യുതിയെത്തിയത്. അതിനു ശേഷം ആറാം തിയ്യതി മഴ പെയ്തതിനാല്‍ പിന്നെയും രണ്ടു ദിവസം പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. ഒമ്പത്, പന്ത്രണ്ട് തിയ്യതികളില്‍ വീണ്ടും ചെറിയ കാറ്റുണ്ടായി. ഇതോടെ പ്രദേശം 24 മണിക്കൂറും ഇരുട്ടിലായി. പിന്നീടുള്ള രണ്ടു ദിവസങ്ങളില്‍ മേലാറ്റൂര്‍ സബ്‌സ്റ്റേഷല്‍ തകരാറില്‍ എന്ന പേരില്‍ 12 മണിക്കൂര്‍ വീതവും വൈദ്യുതി തടസ്സപ്പെട്ടു. ഇതു കാരണം മലയോര മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. വൈദ്യുതി എത്തിയാല്‍ ഓരോ അരമണിക്കൂറിനിടയിലും വൈദ്യുതി ഒളിച്ചു കളിക്കും. സെക്്ഷന്‍ ഓഫിസിലേക്ക് വിളിച്ചാല്‍ മൊത്തം പോയിട്ടുണ്ട് എന്ന മുപടിയാണ് ലഭിക്കുക. അതിനിടെ ഇതേ കാലയളവില്‍ ഒരു ദിവസം അറ്റകുറ്റപ്പണിക്കുവേണ്ടി വൈദ്യുതി തടഞ്ഞുവയ്ക്കുകയും ചെയ്തു. മാസത്തില്‍ മിക്ക ദിവസങ്ങളിലും വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി തകൃതിയായി നടക്കുന്നുമുണ്ട്. അതിനും പുറമെ അപ്രഖ്യാപിത ലോഡ് ഷെഡിങ് വേറെയുമുണ്ട്. മലയോര മേഖലയില്‍ ലൈനുകള്‍ മരങ്ങള്‍ക്കിടയിലൂടെ കടന്നു പോവുന്നതിനാല്‍ ചെറിയ കാറ്റടിച്ചാല്‍ പോലും വൈദ്യുതി നഷ്ടപ്പെടും. അറ്റകുറ്റപ്പണിയുടെ പേരില്‍ വൈദ്യുതി തടഞ്ഞുവയ്ക്കുന്നതല്ലാതെ കാര്യക്ഷമമായി പണി നടക്കുന്നില്ലെന്നും പരാതിയുണ്ട്. ഇനി കാലവര്‍ഷത്തിന്റെ തുടക്കമായതിനാല്‍ വൈദ്യുതി മുടക്കം പതിവാവും. ഇപ്പോഴത്തെ മുടക്കം കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it