kozhikode local

മഴ: ദുരിതമൊഴിയാതെ മലയോരം

കുറ്റിയാടി: മഴ കനത്തതോടെ ദുരിതത്തില്‍ നിന്നും മോചനമില്ലാതെ കിഴക്കന്‍ മലയോരം. കാലവര്‍ഷത്തിന്റെ വരവോടുകൂടി മേഖലയിലെ 50 ലധികം വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം മഴയോടൊപ്പമെത്തിയ ചുഴലികാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് 15 വീടുകളാണ് തകര്‍ന്നത്.
തോട്ടക്കാട് പ്രസാദ്, കലങ്ങോട് പൂവട്ടിത്തറ സജീവന്‍, ശ്രീധരന്‍, അയനിയുള്ള പറമ്പത്ത് ഭാസ്‌ക്കരന്‍, വട്ടിപ്പന ഓട്ടലാങ്കല്‍ എബ്രഹാം, മുത്താര്‍ മല പ്രസാദ്, മീമ്പറ്റി പുളിക്കപറമ്പില്‍ ജോസ്, കമ്പി കുന്നേല്‍ ഗൗരി, ചോയിമുക്ക് മേലോട്ടു കുന്നേല്‍ രാജേന്ദ്രന്‍, ശൈലജ, വരിക്കല്‍ പ്ലാക്കല്‍ രാജേന്ദ്രന്‍, സുനില്‍, വടയം കല്ലുള്ള പറമ്പത്ത് ബാബു, മൊകേരി തറവട്ടത്ത് മനു പ്രതാപ് എന്നിവരുടെ വീടുകളാണ് മരം കടപുഴകി വീണ് തകര്‍ന്നത്.
ഇതിനു പുറമെ മേഖലയില്‍ ഏക്കറിലധികം വരുന്ന തെങ്ങ്, വാഴ, കാപ്പി, കുരുമുളക്, കെക്കോ, റബ്ബര്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയും മഴക്കെടുതിക്ക് ഇരയായിട്ടുണ്ട്
കാവിലുംപാറ, കുറ്റിയാടി, വേളം, മരുതോങ്കര, നരിപ്പറ്റ, കായക്കൊടി, കുന്നുമ്മല്‍ തുടങ്ങിയ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് തകര്‍ന്ന വീടുകളിലേറെയും.
ചെറിയൊരു മഴ പെയ്താല്‍ പോലും  കുറ്റിയാടി ചുരം മണ്ണിടിച്ചിലിന് ഇരയാകും. ഇതു കൊണ്ട് തന്നെ കറുത്ത കാര്‍ മേഘങ്ങള്‍ ഇരുണ്ടുകൂടുന്നതു കാണുമ്പോള്‍ മിക്ക ഡ്രൈവര്‍മാരും ഈ റൂട്ടിലൂടെയുള്ള യാത്ര ഉപേക്ഷിക്കും. ഇതേ തുടര്‍ന്ന് ദൂരയാത്ര കഴിഞ്ഞ് എത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനങ്ങള്‍ കിട്ടാതെ വിഷമിക്കുന്ന കാഴ്ച നിത്യസംഭവമാണ്.
ഇടുങ്ങിയതും കാടുപടലങ്ങള്‍ വളര്‍ന്നു പന്തലിച്ചതും വയനാട്- കുറ്റിയാടി അന്തര്‍സംസ്ഥാന പാതയിലൂടെയുള്ള യാത്രയ്ക്ക് വാഹനങ്ങള്‍ക്ക് തടസമായി മാറിയിരിക്കുന്നു. മലയോര നിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് സമാശ്വാസകരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it