kozhikode local

മഴവില്‍ സംവാദം ആശയ വൈവിധ്യംകൊണ്ട് ശ്രദ്ധേയം

കോഴിക്കോട്: ഇന്ത്യന്‍ വ്യവസ്ഥയുടെ വര്‍ത്തമാനവും വിമോചനവും ചര്‍ച്ച ചെയ്ത മഴവില്‍ സംവാദം വ്യത്യസ്ത ചിന്താധാരകളുടെ സമന്വയമായി. മഹാശ്വേതാ ദേവിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് റെഡ് യങ്‌സ് മഞ്ചാടിക്കുരു ഗ്രൂപ്പ് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സംവാദമാണ് വിഭിന്നചിന്തകള്‍കൊണ്ട് സമ്പന്നമായത്. ഇന്ത്യന്‍ ഫാഷിസ്റ്റ് കാലത്തെ സാമൂഹ്യ വ്യവസ്ഥയും, അതില്‍ നിന്നുള്ള വിമോചനത്തിന്റെ സാധ്യതകളും പങ്കുവെക്കാന്‍ കെ സച്ചിദാനന്ദന്‍, കെ വേണു, ടി ടി ശ്രീകുമാര്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവരാണെത്തിയത്.
ലക്ഷണമൊത്ത ഫാഷിസ്റ്റ് ഭരണകൂടമാണ് ഇന്ത്യയെ നയിക്കുന്നതെന്നും അതിനെ പ്രതിരോധിക്കാന്‍ വ്യത്യസ്ത ചിന്താധാരകള്‍ ഒന്നിക്കേണ്ടതിന്റെ അനിവാര്യതയും ചൂണ്ടി മോഡറേറ്ററായ കെ സച്ചിദാനന്ദനാണ് സംവാദത്തിന് തുടക്കമിട്ടത്. നമ്മള്‍ പൊതുസമൂഹം നമുക്കുതന്നെ നല്‍കിയ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും ഭരണകൂടത്തിനാല്‍ ചോ ദ്യം ചെയ്യപ്പെടുകയാണ്. ഭരണഘടനാ മൂല്യങ്ങള്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ക്ക് വിപരീതമായി പരിണമിപ്പിക്കുകയാണ്. മൂലധന ശ്കതികളുടെ സാമ്പ ത്തിക കണ്ണികളില്‍ ഒന്നായി രാജ്യത്തെ മാറ്റിതീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഭരണഘടനയുടെ അസ്ഥിവാരമായ സമത്വം എന്ന തത്വം അപ്പാടെ അട്ടിമറിക്കപ്പെട്ടു അദാനിയും അംബാനിയും കൂടുതല്‍ കൂടുതല്‍ ധനികരാവുകയും, നിര്‍ധനര്‍ കൂടുതല്‍ കൂടുതല്‍ നിര്‍ധനരാവുകയുമാണ്. മുമ്പ് കുറ്റവാളികളെ തളയ്ക്കാന്‍ ഭരണാധികാരികള്‍ അടച്ചുറപ്പുള്ള ജയിലുകള്‍ ഉണ്ടാക്കിയിരുന്നു എങ്കി ല്‍, ഇന്ന് രാജ്യം തന്നെ ജയിലാക്കി മാറ്റുകയാണ്. രാജ്യത്തെ ഓരോ പൗരനേയും സൂക്ഷ്മമായി ഭരണകൂടം നിരീക്ഷിക്കുന്നു. ആധാര്‍ കാര്‍ഡ് പോലുള്ള സംവിധാനങ്ങളിലൂടെ ജനങ്ങളുടെ സ്വകാര്യതപോലും പോലും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യ ജീവിതത്തിലെ സകല രഹസ്യവും ആഗോള മൂലധന ശക്തികള്‍ക്കു മുന്നില്‍ വില്‍പ്പനക്കു വെക്കുന്നു. ജനതയുടെ സ്വകാര്യതകളെ നിരീക്ഷിക്കുന്ന ഭരണകൂടത്തിന്റെ ഈ കണ്ണുകളെ വെല്ലുവിളിക്കുക എന്നതാണ് ഇന്ന് അനിവാര്യമായ ജനാധിപത്യ പ്രതികരണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
സൈനികം, മതം, കമ്യൂണിസം എന്നീ ഫാഷിസ്റ്റ് അധികാര ഘടനകളാണ് ജനാധിപത്യത്തിന് ഏറ്റവുംവലിയ വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് കെ വേണു പറഞ്ഞു. ലോകത്ത് കമ്യൂണിസം തന്നെയാണ് വലിയ ഫാഷിസം എന്ന് തെളിയിച്ചു കഴിഞ്ഞതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് ഫാഷിസവും വര്‍ത്തമാനകാലത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം അഭിമന്യൂവിന്റെ കൊലപാതകമാണ്. ഈ കൊലപാതകത്തെ എതിര്‍ക്കുമ്പോള്‍ തന്നെ, എസ്എഫ്‌ഐ കേരളത്തിലെ കാമ്പസുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വല്‍കരണംകൂടി ചര്‍ച്ചയാവേണ്ടതുണ്ട്. മറ്റ് സംഘടനകളെ അടിച്ചമര്‍ത്തി പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നതെന്നും വേണു പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍ നിയമ വ്യവസ്ഥതന്നെ തകര്‍ക്കപ്പെട്ടതായും ഫാഷിസ്റ്റ് വൈറസ് ഉള്ളില്‍ പ്രവേശിച്ച ആള്‍ക്കൂട്ടം തന്നെ ഫാഷിസ്റ്റുകളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തുടര്‍ന്ന് സംസാരിച്ച കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മതേതര ചിന്തക്കും മുന്‍തൂക്കമുള്ള കേരളം പോലുള്ള സുഖവാസ കേന്ദ്രത്തിലിരുന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ഭരണഘടനാ അവകാശങ്ങളെ കുറിച്ച് വിലയിരുത്താനോ സംസാരിക്കാനോ സാധ്യമല്ല. പ്രതികരിക്കാനോ, ഒന്ന് സംസാരിക്കാനോ സാധിക്കാതെ നിരവധി മനുഷ്യര്‍ മറ്റു സംസ്ഥാനങ്ങളില്‍ കിരാതമായി കൊല്ലപ്പെടുകയാണ്.
ഭരണകൂട ഭാകരതക്കെതിരെയുള്ള പ്രതിഷേധങ്ങളുടേയും പ്രതിരോധങ്ങളുടേയും മൂര്‍ഛ കുറഞ്ഞു വരികയാണ്. 2014 ല്‍ മോദി അധികാരത്തില്‍ വന്നപ്പോഴുള്ള അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും പരിശോധിച്ചാല്‍, ഫാഷിസ ഭരണത്തിനെതിരെയുള്ള പ്രതികരണങ്ങളുടെ ശോഷണം ബോധ്യപ്പെടുമെന്നും, കൂട്ടായ ചെറുത്തുനില്‍പ്പാണ് ഫാഷിസത്തെ ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗ്ഗമെന്നും കെ ഇ എന്‍ പറഞ്ഞു. ടി ടി ശ്രീകുമാര്‍, സിവിക് ചന്ദ്രന്‍, ബൈജു മേരിക്കുന്ന് സംസാരിച്ചു.
Next Story

RELATED STORIES

Share it