Kottayam Local

മഴയ്ക്ക് ശമനം; കെടുതികള്‍ തുടരുന്നു

കോട്ടയം: ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ നിന്നും പൂര്‍ണമായി മോചനമായിട്ടില്ല. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിലും കോട്ടയം, വൈക്കം, മീനച്ചില്‍ താലൂക്കുകളിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍തന്നെയാണ്. റോഡുകളിലെ വെള്ളം ഇറങ്ങിയിട്ടില്ല. പല പ്രദേശങ്ങളിലെയും ഗതാഗതം പൂര്‍ണാമായും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
വെള്ളത്തെത്തുടര്‍ന്ന് മഴ ദുരിതം വിതച്ച മേഖലകളില്‍ വൈദ്യുതി ബന്ധവും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ചുങ്കം, താഴത്തങ്ങാടി, അറുപറ, ഇല്ലിക്കല്‍, തിരുവാര്‍പ്പ്, നട്ടാശേരി, ഇറഞ്ഞാല്‍, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, കുമരകം, കടുത്തുരുത്തി, പായിപ്പാട്, വാഴപ്പള്ളി പ്രദേശങ്ങള്‍ മഴക്കെടുതിയില്‍ തുടരുന്നു.
വെള്ളം പൂര്‍ണമായും ഇറങ്ങിയെങ്കില്‍ മാത്രമേ ജനങ്ങളുടെ ദുരിതത്തിന് അറുതിയാകുകയുള്ളു. അതേസമയം ചങ്ങനാശ്ശേരിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാല്‍ ചങ്ങനാശ്ശേരി ആലപ്പുഴ റോഡില്‍ ജലനിരപ്പിന് കുറവില്ല. ആറാം ദിവസമായ ഇന്നലെയും ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ ബസ് കാര്യമായി നടന്നില്ല. കൈനടി റൂട്ടില്‍ ഈരവരെയും കൃഷ്ണപുരം വാലടിവരെയും ഇന്നലെ രാവിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തി. ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. നിലവില്‍ ക്യാംപുകളെല്ലാം തുടരുകയാണ്.കാലവര്‍ഷക്കെടുതിയില്‍ 39406 പേര്‍ ജില്ലയിലെ വിവിധ ദുരിതശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്.കോട്ടയം താലൂക്കില്‍ 76, വൈക്കം താലൂക്കില്‍ 66, ചങ്ങനാശ്ശേരി താലൂക്കില്‍ 35, മീനച്ചില്‍ താലൂക്കില്‍ അഞ്ച് എന്നിങ്ങനെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ വിവിധ ക്യാംപുകളിലായി കഴിയുന്ന 10661 കൂടുംബങ്ങളിലെ 4486 പേര്‍ കുട്ടികളാണ്. കോട്ടയം താലൂക്കില്‍ 1371 കൂടുംബങ്ങളിലായി 5379 പേരാണ് ക്യാംപിലുള്ളത്.  ഇതില്‍ 1154 പേര്‍ കുട്ടികളാണ്. വൈക്കം താലൂക്കില്‍ 7283 കുടുംബങ്ങളിലായി 25462 പേര്‍ ക്യാംപുകളിലാണ്.
ഇവിടെ   2161 കുട്ടികളുണ്ട്. ചങ്ങനാശ്ശേരി താലൂക്കില്‍ 1970 കുടുംബങ്ങളിലായി 8431 പേര്‍ ക്യാംപുകളില്‍ ഉള്ളതില്‍ 1150 പേര്‍ കുട്ടികളാണ്. മീനച്ചില്‍ താലൂക്കില 37 കുടുംബങ്ങളിലായി 21 കുട്ടികള്‍ ഉള്‍പ്പടെ 134 പേര്‍  ക്യാംപുകളിലുണ്ട്. ജില്ലയിലെ വിവിധ ക്യാംപുകളിലായി 16939 പുരുഷന്‍മാരും 17939 സ്ത്രീകളുമാണുള്ളത്.
സ്‌കൂളുകള്‍ക്ക് പുറമെ അങ്കണവാടികള്‍, സ്വകാര്യ സ്‌കൂളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, പ്രാര്‍ത്ഥനാലയങ്ങള്‍, വായനശാല കെട്ടിടം, സാംസ്‌കാരിക നിലയം, പാരീഷ് ഹാളുകള്‍ തുടങ്ങിയിടങ്ങളിലും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ സ്ഥലങ്ങളിലെ ക്യാംപുകളില്‍ നിന്നും പലരും വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വീടിനുള്ളില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു. വീട്ടുപകരങ്ങള്‍ പലതും നശിച്ച നിലയിലുമായിരുന്നു. പരിസരങ്ങള്‍ മാലിന്യം നിറഞ്ഞ സാഹചര്യമാണ്. വീടുകളുടെ കക്കൂസും കിണറുകളുമെല്ലാം വെള്ളത്തില്‍ മുങ്ങിയത് വലിയ മാലിന്യ പ്രശ്‌നമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതു പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്.
കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.കുറെ നാളത്തേയ്ക്ക് ജനങ്ങള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും വെള്ളം വില കൊടുത്തുവാങ്ങേണ്ടി വരും.നിലവില്‍ ക്യാംപുകളെല്ലാം തുടരുകയാണ്.
പമ്പിങ്
പുനരാരംഭിച്ചു
കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ കോട്ടയം, പാല, പുലിയന്നൂര്‍,മീനച്ചില്‍  അകലക്കുന്നം, അയര്‍ക്കുന്നംകൂരോപ്പട, പാമ്പാടി ശുദ്ധ ജലവിതരണ പദ്ധതികളില്‍ വെള്ളം പമ്പു ചെയ്യുന്നതിന് നാല് ദിവസമായി നേരിട്ട തടസ്സം നീക്കി പമ്പിങ് പുനരാരംഭിച്ചു.
വിവിധ പമ്പു ഹൗസുകളില്‍ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് 14.5 ലക്ഷം രൂപ നഷ്ടം കേരള വാട്ടര്‍ അതോറിറ്റിക്ക് സംഭവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it