kozhikode local

മഴയെ തൊട്ടറിഞ്ഞ് മഴയാത്ര

കുറ്റിയാടി: മഴയുടെ നനവും നൈര്‍മല്യവും തേടി വിദ്യാര്‍ഥിസമൂഹം കുറ്റിയാടി ചുരമിറങ്ങിയപ്പോള്‍ സേവിന്റെ ‘മഴയാത്രവ്യത്യസ്തമായ അനുഭവമായി. ജില്ലയില്‍ ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ‘മഴയാത്ര’ അഞ്ചാം വര്‍ഷം പിന്നിടുമ്പോള്‍ ഓരോ വര്‍ഷവും പങ്കാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
ആദ്യവര്‍ഷം ആയിരം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സ്ഥാനത്ത് രണ്ടാം വര്‍ഷം ആയിരത്തി അഞ്ഞൂറും മൂന്നാം വര്‍ഷം ആയിരത്തിഎണ്ണൂറും നാലാം വര്‍ഷം രണ്ടായിരത്തിഅഞ്ഞൂറും വിദ്യാര്‍ഥികളാണ് യാത്രയില്‍ പങ്കുചേര്‍ന്നത്. ഇത്തവണ സ്‌കൂള്‍ വിദ്യാര്‍ഥികളോട് പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയില്ലെങ്കിലും നിരവധി സ്‌കൂള്‍കുട്ടികള്‍ അധ്യാപകരോടൊപ്പം എത്തിച്ചേര്‍ന്നു.
ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികളും യാത്രയില്‍ അണിചേര്‍ന്നു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമേ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും കൂടി ചേര്‍ന്ന് ഒരു മേളമായി പക്രംതളത്ത് നിന്നും ആരംഭിച്ച യാത്ര കുന്നിറങ്ങി പൂതംപാറയില്‍ സമാപിക്കുകയായിരുന്നു. പൂയ്യം ഞാറ്റുവേലയില്‍ പെയ്തിതിറങ്ങിയ മഴയെ വിദ്യാര്‍ഥികള്‍ മനസ്സിലേക്കു ആവാഹിച്ചെടുക്കുകയായിരുന്നു.
പെയ്തും തോര്‍ന്നും കളിച്ച മഴ വിദ്യാര്‍ഥികളെ ഹരം പിടിപ്പിച്ചു. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ ജൂണിലെ രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന ‘മഴയാത്ര’ മഴയുടെ അഭാവത്താല്‍ ജൂലൈയിലെ രണ്ടാം ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
പല സ്‌കൂളില്‍നിന്നും വന്ന വിദ്യാര്‍ഥികളെ അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും അനുഗമിച്ചിരുന്നു. യാത്ര പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഡിഡിഇ ഇ കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അഷോ സമം ഹരിതസന്ദേശം നല്‍കി. സേവ് ജില്ലാ കോ-ഓഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, ഹാഫിസ് കായക്കൊടി ഷൗക്കത്തലി ഏറോത്ത്,അബ്ദുല്ല സല്‍മാന്‍, തസ്ലീനപാലക്കാട്, ഷിജു കാസര്‍ഗോഡ്, ബിന്ദു മൈക്കിള്‍, സുമ പള്ളിപ്രം, ഓ.കെ. ഫാരിസ്, മനോജ് മോണാലിസ, ബാലന്‍ തളിയില്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ മഴ യാത്രയിലെ മികച്ച പ്രകടനത്തിന് വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍, നരിപ്പറ്റ ആര്‍എന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എജെ ജോണ്‍ ഹൈ സ്‌കൂള്‍ എന്നിവയ്ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.
പൂതംപാറയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കെ പി സെബാസ്റ്റ്യന്‍, ജിജി കട്ടക്കയം, ലത്തീഫ് കുറ്റിപ്പുറം, കെ വിജീഷ് സംസാരിച്ചു. പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യ്തു. മികച്ച പ്രകടനം കാഴ്ച വച്ചതിന് ഗവ. കോളജ് നാദാപുരം, ഐഡിയല്‍ കോളജ് കുറ്റിയാടി,  എ ജെ ജോണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. പുരസ്‌കാരങ്ങള്‍ അടുത്ത വര്‍ഷത്തെ മഴ യാത്രയില്‍ വിതരണംചെയ്യും.
Next Story

RELATED STORIES

Share it