മഴയുടെ ശക്തി കുറഞ്ഞു; രോഗഭീതിയില്‍ ക്യാംപുകള്‍

എസ്  മാത്യു  പുന്നപ്ര
അമ്പലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞ് വെള്ളക്കെട്ടിന് അല്‍പം ശമനമായെങ്കിലും രോഗഭീതിയിലാണ് ആലപ്പുഴയിലെയും കുട്ടനാട്ടിലെയും ജനങ്ങള്‍. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, അതിസാരം തുടങ്ങിയ സാംക്രമികരോഗഭീതിയാണ് ദുരിതബാധിതരെ അലട്ടുന്നത്.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര പഞ്ചായത്തുകളിലെ കിഴക്കന്‍പ്രദേശങ്ങളില്‍ 100ഓളം ക്യാംപുകളുണ്ട്. ഇവിടെ ഭക്ഷണസാമഗ്രികള്‍ എത്തിച്ചുനല്‍കേണ്ട ചുമതല വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. പ്രളയം നാശം വിതച്ച കിഴക്കന്‍മേഖലയിലെ ഓരോ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെയും വാര്‍ഡുകളില്‍ 10നു താഴെ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാംപുകളില്‍ ഏറ്റവും നല്ല ഭക്ഷണം വിതരണം ചെയ്യാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. എന്നാല്‍, വെള്ളക്കെട്ടുമൂലം റോഡരികിലും തോടിനു കുറുകെയുള്ള പാലങ്ങളിലുമൊക്കെ താല്‍ക്കാലിക ഷെഡ് കെട്ടിയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. അതേസമയം, വീടുകളില്‍ നിന്ന് വെള്ളമിറങ്ങുമ്പോഴുണ്ടാവുന്ന മാലിന്യം മൂലം പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത ഏറെയാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. അതിനിടെ ദുരിതാശ്വാസക്യാംപിലെത്താതിരുന്ന വില്ലേജ് ഓഫിസറെ മന്ത്രിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തു. കുന്നുമ്മ വില്ലേജ് ഓഫിസര്‍ സെബാസ്റ്റ്യന്‍ തോമസിനെയാണ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവു നല്‍കിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വടക്കന്‍ വെളിയനാട് കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാംപില്‍ കഴിയുന്നവര്‍ക്ക് യാതൊരു സഹായവും വില്ലേജ് ഓഫിസര്‍ ചെയ്തു നല്‍കിയില്ല എന്നതിനു പുറമെ ക്യാംപിലേക്കെത്തിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി
Next Story

RELATED STORIES

Share it