Kottayam Local

മഴയില്‍ തകര്‍ന്ന് കാഞ്ഞിരപ്പള്ളി-കുമളി റോഡ്‌

പൊന്‍കുന്നം: കാലവര്‍ഷം കനത്തതോടെ ദേശീയപാത കുണ്ടും കുഴിയും നിറഞ്ഞ് തോടായി മാറി. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളും ആയിരകണക്കിനു യാത്രക്കാരും സഞ്ചരിക്കുന്ന കോട്ടയം-കുമളി റോഡിനാണ് ഈ ദുരവസ്ഥ. കൊടുംവളവുകളും തിരിവുകളും നിറഞ്ഞ റോഡിലെ കൊടുങ്ങൂര്‍ മുതല്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിപ്പടി വരെയുള്ള ഭാഗങ്ങളിലാണ് മഴവെള്ളം കുത്തിയൊഴുകി വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ റോഡിന്റെ മധ്യഭാഗം ഒലിച്ചുപോയി തോടായ സ്ഥിതിയിലാണ്.
പൊന്‍കുന്നം ശാന്തിനികേതന്‍ ആശുപത്രിക്കു സമീപം റോഡിന്റെ മധ്യഭാഗം മീറ്ററുകളോളം ഒലിച്ചുപോയി. മഴ പെയ്യുമ്പോള്‍ വാഹനങ്ങള്‍ കുഴിയില്‍ കയറിയാല്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിയാനോ കടയിലേക്ക് ഇടിച്ചുകയറി അപകടം ഉണ്ടാവാനോ സാധ്യത ഏറെയാണ്. ദേശീയപാതയിലെ ബസ് സ്റ്റോപ്പില്‍ റോഡ് തകര്‍ന്ന് ദിവസങ്ങള്‍ കഴിയുമ്പോഴും അധികൃതരുടെ മൗനം തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പൊന്‍കുന്നം ടൗണ്‍ ബസ് സ്റ്റാന്റില്‍ നിന്ന് ബസ് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ റോഡിലെ കുഴികള്‍ അടയ്ക്കുകയുണ്ടായി. എന്നാല്‍ മഴയത്ത് നടത്തിയ ടാറിങ് മണിക്കൂറുകള്‍ക്കകം വീണ്ടംകുഴികളായി.
വളവുകളിലെ കുഴികള്‍ വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. റോഡ് പരിചിതമല്ലാത്ത അന്യസംസ്ഥാന വാഹനങ്ങളും വിനോദസഞ്ചാരികളുടെ വാഹനങ്ങളുമാണ് അപകടത്തില്‍ പെടുവാന്‍ ഏറെ സാധ്യത.
മഴയത്ത് കുഴിയറിയാതെ ഇരുചക്രവാഹനങ്ങള്‍ മറിയുവാനും അതേപോലെ കുഴി ഒഴിവാക്കുവാന്‍ ശ്രമിക്കുമ്പോള്‍ മറ്റു വാഹനങ്ങളൂമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുവാനും സാധ്യത ഏറെയാണ്.
ദേശീയപാത അധികൃതര്‍ റോഡിലെ കുഴികള്‍ അടച്ച് അപകടരഹിതയാത്രയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായി.ഈ ആവശ്യം അവഗണിച്ച് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുതെന്ന് പ്രദേശവാസികളും യാത്രക്കാരും അവശ്യപ്പെട്ടു.മഴവെള്ളം ഒഴുകി റോഡിന്റെ വശങ്ങള്‍ തകര്‍ന്നതിനാല്‍ കാല്‍നട യാത്രക്കാരും ദുരിതത്തിലായി. സ്‌കൂള്‍ കുട്ടികളും പ്രയമായവരുമാണ് ഏറെ കഷ്ടപ്പെടുന്നത്.
Next Story

RELATED STORIES

Share it