മഴക്കെടുതി: കോട്ടയത്തെ ഭൂരിഭാഗം ക്യാംപുകളും പിരിച്ചുവിട്ടു

കോട്ടയം: കനത്ത മഴയ്ക്ക് ശമനമുണ്ടാവുകയും മിക്ക വീടുകളില്‍ നിന്നും വെള്ളമിറങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ഭൂരിഭാഗം ക്യാംപുകളും പിരിച്ചുവിട്ടു. കോട്ടയം ജില്ലയില്‍ നാലു താലൂക്കുകളിലായി 184 ക്യാംപുകളാണ് മഴക്കെടുതിയെത്തുടര്‍ന്ന് സജ്ജീകരിച്ചിരുന്നത്. ഇതില്‍ 161 ക്യാംപുകളും പിരിച്ചുവിട്ടു. കോട്ടയത്ത് 78 ക്യാംപുകളിലായി 5654 പേരും ചങ്ങനാശ്ശേരിയില്‍ 35 ക്യാംപുകളില്‍ 8,431 പേരും വൈക്കത്ത് 66 ക്യാംപുകളില്‍ 25,426 പേരും മീനച്ചിലില്‍ അഞ്ചു ക്യാംപിലായി 128 പേരുമാണുണ്ടായിരുന്നത്. ഇതില്‍ 23 ക്യാംപുകളിലായി 2,779 പേര്‍ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. ഇവരും വരുംദിവസങ്ങളില്‍ ക്യാംപ് വിടും.
കനത്ത മഴ മാറിയെങ്കിലും പടിഞ്ഞാറന്‍ മേഖലകളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും ഇടയ്ക്ക് പെയ്യുന്ന ശക്തമായ മഴയാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇതു കാരണമായി. പല പ്രദേശങ്ങളിലെയും വീട്ടിനകത്തുനിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടിന്റെ പരിസരത്തും പറമ്പുകളിലും വെള്ളം കെട്ടിനില്‍ക്കുകയാണ്. വീണ്ടും വെള്ളം കയറിയാല്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മടങ്ങിപ്പോവേണ്ടി വരുമോയെന്നാണ് ഇവര്‍ ഭയപ്പെടുന്നത്.
ക്യാംപുകളില്‍ നിന്നു വീടുകളില്‍ മടങ്ങിയെത്തിയവരുടെ ദുരിതം ഇരട്ടിച്ചു. കക്കൂസ് മാലിന്യമടക്കമുള്ളവയാണ് വീട്ടിനുള്ളിലേക്ക് മലവെള്ളത്തിനൊപ്പമെത്തിയത്. ദിവസങ്ങള്‍ പണിപ്പെട്ട് ഇതു വൃത്തിയാക്കിയെങ്കില്‍ മാത്രമേ താമസയോഗ്യമാവൂ. ലക്ഷംവീട് കോളനികളില്‍ ഷീറ്റും മണ്‍കട്ടകളുമുപയോഗിച്ചു നിര്‍മിച്ച വീടുകളെല്ലാം പൂര്‍ണമായും നശിച്ചനിലയിലാണ്.
പലയിടങ്ങളിലും ശുദ്ധജലം കിട്ടാക്കനിയാണ്. പലര്‍ക്കും റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാരം, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നഷ്ടമായി. റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുമെന്നു സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. അതേസമയം, മീനച്ചിലാറിന്റെ കൈവഴിയായ അറുത്തൂട്ടി തോടിന്റെ തീരത്തുള്ള സിഎന്‍ഐ-കൊച്ചാന റോഡ് ഇപ്പോഴും വെള്ളത്തിലാണ്. ഇടുക്കി അണക്കെട്ട് തുറന്നാല്‍ ജില്ലയില്‍ വീണ്ടും വെള്ളപ്പൊക്കമുണ്ടാവും. റോഡില്‍നിന്നു പൂര്‍ണമായും വെള്ളമിറങ്ങാത്തതിനാല്‍ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം താറുമാറായിക്കിടക്കുകയാണ്.
Next Story

RELATED STORIES

Share it