മഴക്കെടുതി: കണ്ണൂരില്‍ 731 കോടിയുടെ നാശനഷ്ടങ്ങള്‍

കണ്ണൂര്‍: ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 731.4 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കണക്കുകള്‍. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഴക്കെടുതി അവലോകനയോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ കണക്കുകള്‍ അവതരിപ്പിച്ചു.
കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയില്‍ വിവിധ സംഭവങ്ങളിലായി 30 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 122 വീടുകള്‍ പൂര്‍ണമായും 3,429 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കോടിയിലേറെ രൂപയുടെ നഷ്ടമാണ് വീടുകള്‍ തകര്‍ന്നതിലൂടെ മാത്രം കണക്കാക്കിയത്. കാര്‍ഷികമേഖലയില്‍ 993.3 ഹെക്റ്റര്‍ കൃഷിയിടങ്ങളെ മഴക്കെടുതി ബാധിച്ചു. 27.80 കോടിയുടെ നാശനഷ്ടം ഇതിലൂടെ ഉണ്ടായി. 8,639 കര്‍ഷകരെ നേരിട്ടു ബാധിച്ചു. കാറ്റിലും മഴയിലും 566 ഹെക്റ്ററിലധികം നെല്‍കൃഷിയും 12.5 ഹെക്റ്റര്‍ പച്ചക്കറികൃഷിയും 2.8 ലക്ഷം വാഴകള്‍, 7606 കവുങ്ങുകള്‍, 20,000 റബര്‍, 4733 തെങ്ങ്, 3,819 കശുമാവ്, 32.4 ഹെക്റ്റര്‍ കപ്പ, 2303 കുരുമുളക് വള്ളികള്‍, 94 ജാതിക്കമരങ്ങള്‍ എന്നിവയും നശിച്ചു. ഇരിട്ടി താലൂക്കില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പലയിടങ്ങളിലും കൃഷിഭൂമി ഒലിച്ചുപോയ സംഭവങ്ങളും ഉണ്ടായി. റോഡുകള്‍ തകര്‍ന്നാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.
പൊതുമരാമത്ത് വകുപ്പിനു കീഴിലെ 889.47 കിലോമീറ്റര്‍ റോഡുകള്‍, കല്‍വര്‍ട്ടുകള്‍, പാര്‍ശ്വഭിത്തികള്‍ എന്നിവ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. ഇതിലൂടെ 418 കോടി രൂപയുടെ നഷ്ടവും പാലങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ കാരണം 20 കോടി രൂപയുടെ നഷ്ടവും കണക്കാക്കി. ദേശീയപാതാ വിഭാഗത്തില്‍ 80.5 കിലോമീറ്റര്‍ റോഡും രണ്ടു പാലങ്ങളും ഭിത്തികളും തകര്‍ന്ന് 40.1 കോടി രൂപയുടെ നഷ്ടമുണ്ടായി.
തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡില്‍ മണ്ണിടിഞ്ഞ് 18.05 കോടിയുടെയും ഇരിട്ടി-നിടുമ്പൊയില്‍ റോഡില്‍ 6.75 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി. പഞ്ചായത്തുകളുടെ കീഴിലുള്ള 879 കിലോമീറ്റര്‍ റോഡുകളാണ് ശക്തമായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നത്. 102 കോടി രൂപയുടെ നഷ്ടം ഇതുവഴിയുണ്ടായി. 10 സ്‌കൂളുകള്‍, 15 അങ്കണവാടികള്‍, 10 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടിവെള്ളപദ്ധതികള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയ്ക്കും ഭാഗികമായ നാശനഷ്ടങ്ങളുണ്ടായി. ഇതുവഴി 1.75 കോടിയുടെ നഷ്ടമുണ്ടായതായാണു കണക്ക്.
കണ്ണൂര്‍ കോര്‍പറേഷനില്‍ 86 കിലോമീറ്ററും നഗരസഭകളിലെ 210 കിലോമീറ്ററും റോഡുകള്‍ തകര്‍ന്ന് 24.2 കോടിയുടെ നഷ്ടമുണ്ടായി. വാട്ടര്‍ അതോറിറ്റിയുടെ പാറക്കാമല, മുണ്ടയാംപറമ്പ് എന്നിവിടങ്ങളിലെ ഗ്രാമീണ കുടിവെള്ളപദ്ധതികള്‍, ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പട്ടുവം ഭാഗത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റ്, നാവിക അക്കാദമിയിലെ കുടിവെള്ളപദ്ധതി എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങളിലായി 10.7 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഫിഷറീസ് വകുപ്പിന് 79.73 ലക്ഷത്തിന്റെ നാശനഷ്ടങ്ങളാണുണ്ടായത്. 36 ഇടങ്ങളിലായി 3.4 കിലോമീറ്റര്‍ നീളത്തില്‍ പുഴകളുടെ സംരക്ഷണഭിത്തികള്‍ തകര്‍ന്നു. രണ്ടുഘട്ടങ്ങളിലായാണ് ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് കാര്യമായ നാശനഷ്ടങ്ങളുണ്ടായത്.

Next Story

RELATED STORIES

Share it