wayanad local

മഴക്കാലം വന്നെത്തി ; വയലിന്റെ നാട്ടില്‍ ഇനി മീന്‍പിടിത്തത്തിന്റെ നാളുകള്‍



നടവയല്‍: കുട്ടയും മീന്‍കോരിയും വീശുവലയും ചൂണ്ടയും തോര്‍ത്ത് മുണ്ട് വരെ ഉപയോഗിച്ചും പുഴയില്‍ നിന്നും തോട്ടില്‍ നിന്നും മീന്‍പിടിച്ചിരുന്ന ഒരു കാലത്തിന്റെ ഓര്‍മകള്‍ അയവിറക്കി ജില്ലയിലെ പുഴകളിലും തോടുകളിലും മഴക്കാല മിന്‍പിടിത്തം സജീവമായി. മഴക്കാല മീന്‍പിടിത്തത്തിന് പേരുകേട്ട പനമരം, നീരട്ടാടി, കാവടം, വരദൂര്‍, നീര്‍വാരം, കല്ലുവയല്‍, ദാസനക്കര, കൂടല്‍ക്കടവ് എന്നിവിടങ്ങളിലാണ് പുഴയില്‍ നിന്നു മല്‍സ്യത്തെ പിടിക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്തുന്നത്. വേനലിന്റെ കാഠിന്യത്തില്‍ ഉണങ്ങിവരേണ്ട പുഴയില്‍ മഴവെള്ളം ഇരച്ചെത്തുന്നതോടെ വിവിധ മല്‍സ്യങ്ങള്‍ പ്രജനനത്തിനായി പുഴകളില്‍ നിന്നു വയലിലെ ചെറുതോടുകളിലും എത്തും. ഇവയെ വീശുവല, തണ്ടാണി, ചുണ്ടേല്‍ എന്നിവ ഉപയോഗിച്ചാണ് പിടിക്കുന്നത്. മുന്‍കാലത്തെ അപേക്ഷിച്ച് ഇത്തവണ പുഴകളില്‍ മല്‍സ്യസമ്പത്തിന് വന്‍ കുറവാണ് വന്നിരിക്കുന്നത്. പുഴകളുടെയും തോടുകളുടെയും നാശവും കാലാവസ്ഥാ വ്യതിയാനവും വയലുകളിലെ അമിത കീടനാശിനി പ്രയോഗവുമാണ് മല്‍സ്യങ്ങളുടെ നാശത്തിന് കാരണമായത്. ജില്ലയില്‍ ഒരുകാലത്ത് പേരുകേട്ട പനമരം വാള എന്ന മല്‍സ്യത്തെ കാണാന്‍ പോലുമില്ല. പാരമ്പര്യ മല്‍സ്യയിനങ്ങള്‍ ഒന്നുപോലും പുഴയില്‍ കാണാനില്ല. പകരം ആഫ്രിക്കന്‍ മുഷി, ചെമ്പല്ലി, കട്ട്‌ല, റോഗ് തുടങ്ങിയ വലിയ മീനുകളാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ആഫ്രിക്കന്‍ മുഷി എന്ന മല്‍സ്യം ചെറുമീനുകളെ വന്‍തോതില്‍ നശിപ്പിക്കുന്നതായും മീന്‍പിടിത്തക്കാര്‍ പറയുന്നു. പണ്ടുകാലത്ത് കറിക്കുള്ള അരപ്പ് അടുപ്പില്‍ വച്ചിട്ട് മീന്‍പിടിക്കാന്‍ പോയാല്‍ ഇഷ്ടം പോലെ മീന്‍ കിട്ടുമായിരുന്നങ്കില്‍ ഇന്നു മണിക്കൂറുകള്‍ കാത്തിരുന്ന് നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. ഇത്തവണ മഴ കുറഞ്ഞതും വേനലില്‍ പുഴ വറ്റിവരണ്ടതിനാലും മല്‍സ്യങ്ങള്‍ പുഴയിലേക്ക് എത്തിത്തുടങ്ങുന്നേയുള്ളൂ. ബീച്ചനഹള്ളി ഡാം നിറഞ്ഞാലേ ജില്ലയിലെ പുഴയിലേക്ക് മല്‍സ്യങ്ങള്‍ എത്തുകയുള്ളൂ. പനമരം പുഴയും മാനന്തവാടി പുഴയും തമ്മില്‍ സംഗമിക്കുന്ന ദാസനക്കര കുടല്‍ക്കടവിലെ ചെക്ഡാമില്‍ ആയിരക്കണക്കിനാളുകളാണ് ദിവസവും മീന്‍പിടിക്കാന്‍ എത്തുന്നത്. രണ്ടുമൂന്ന് ദിവസമായി പെയ്യാന്‍ മടിപിടിച്ചിരുന്ന മഴമേഘങ്ങള്‍ പെയ്തിറങ്ങാന്‍ തുടങ്ങിയതോടെ മീന്‍പിടിത്തം വരും ദിവസങ്ങളിലും സജീവമാവും. ആളുകള്‍ക്ക് വരുമാനമാര്‍ഗവും അതിലുപരി നേരംപോക്കു കൂടിയാവുകയാണ് മഴക്കാലത്തെ മീന്‍പിടിത്തം.
Next Story

RELATED STORIES

Share it