malappuram local

മല്‍സ്യ തൊഴിലാളി ഭവന പദ്ധതി: വില നിര്‍ണയം അന്തിമ ഘട്ടത്തിലേക്ക്

മലപ്പുറം: ഭൂരഹിതരായ തീരദേശ മല്‍സ്യ തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങല്‍, തീരദേശ വേലിയേറ്റ രേഖയില്‍ നിന്ന്് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മല്‍സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കല്‍ എന്നീ പദ്ധതികള്‍ക്കു കീഴില്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്ന പദ്ധതി അവസാന ഘട്ടത്തിലേക്കു കടന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന ജില്ലാതല പര്‍ച്ചേഴ്‌സ് കമ്മിറ്റി യോഗത്തില്‍ നാല് ഭൂവുടമകള്‍ പങ്കെടുത്തു.
ഇതില്‍ രണ്ടു പേര്‍ നിശ്ചിത വിലയില്‍ സ്ഥലം കൈമാറാന്‍ തയ്യാറായി സമ്മതപത്രം ഒപ്പിട്ടു നല്‍കി. രണ്ടു പേര്‍ കുറച്ചു സമയം കൂടി ആവശ്യപ്പെടുകയായിരുന്നു. പൊന്നാനി നഗരം, പെരുമ്പടപ്പ് വില്ലേജുകളിലെ സ്ഥലങ്ങള്‍ സംബന്ധിച്ചാണ് ഇന്നലെ ധാരണയായത്.
രണ്ടു പദ്ധതികളിലായി പെ ാന്നാനി, തിരൂര്‍ താലൂക്കുകളിലെ 83 പേര്‍ക്കാണ് ഭൂമി നല്‍കി വീട് നിര്‍മിക്കാനാവശ്യമായ സഹായം നല്‍കുന്നത്.  ഇതുവരെ 28 ഗുണഭോക്താക്കള്‍ക്ക് ഭൂമിയുടെ വിലയില്‍ തീരുമാനമായി. ഈ സ്ഥലമുടമകള്‍ കലക്ടര്‍ മുമ്പാകെ സമ്മതപത്രം ഒപ്പിട്ടു നല്‍കി. തീരദേശത്ത് രജിസ്‌ട്രേഡ് പാസ്ബുക്കുള്ള മല്‍സ്യ തൊഴിലാളികള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്.
മല്‍സ്യ തൊഴിലാളികളില്‍ നിന്നു അപേക്ഷ ക്ഷണിച്ച ശേഷം മല്‍സ്യഭവന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. കലക്ടര്‍ അംഗീകാരം നല്‍കിയ ഈ ലിസ്റ്റില്‍ പെട്ടവര്‍ക്ക് സ്വയം ഭൂമി കണ്ടെത്തുന്നതിന് ഒരു മാസം സമയം നല്‍കിയിരുന്നു. ഇവര്‍ കണ്ടെത്തിയ സ്ഥലത്തെക്കുറിച്ചുള്ള ഫിഷറീസ്, മല്‍സ്യഫെഡ്, എന്‍ജീയറിംഗ് വിഭാഗങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി.
പബ്ലിക്ക്് പ്രോസിക്യൂട്ടറുടെ നിയമ പരിശോധനക്കു ശേഷമാണ് ഭൂമി വില നിര്‍ണ്ണയ നടപടികള്‍ ആരംഭിച്ചത്. ഭൂവുടമകളില്‍ നിന്ന് മികച്ച വില നല്‍കിയാണ് ഭൂമി ഏറ്റെക്കുന്നത്.
സ്ഥലമെടുപ്പും വീട് നിര്‍മാണവുമുള്‍പ്പെടെ പരമാവധി 10 ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് അനുവദിക്കുക. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എ ജയശങ്കര്‍ പ്രസാദ്, ഫിനാന്‍സ് ഓഫിസര്‍ എന്‍ സന്തോഷ് കുമാര്‍, പൊന്നാനി തഹസില്‍ദാര്‍ ജി നിര്‍മ്മല്‍ കുമാര്‍, തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗ്ഗീസ് മഗലം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജയനാരായണന്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഒ അംജദ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it