kozhikode local

മല്‍സ്യവിലയില്‍ വന്‍ വര്‍ധന ; വില യേറ്റുന്നത് അകാരണമായി



നാദാപുരം: നോമ്പ് തുടങ്ങിയതോടെ മല്‍സ്യവിലയില്‍ വന്‍ വര്‍ധന. സാധാരണക്കാരന്റെ ആശ്രയമായ മത്തിക്കും അയലക്കും വരെ പൊള്ളുന്ന വില. കഴിഞ്ഞ മാസം കിലോക്ക് 100 രൂപയുണ്ടായിരുന്ന മത്തിക്ക് ഇന്നലെ മാര്‍ക്കറ്റില്‍ 200 രൂപയാണ് ചില്ലറ വില. ചെറിയ അയലക്ക് കിലോക്ക് 250 രൂപ. ചെറുമല്‍സ്യങ്ങളായ കോര, മാന്തള്‍, മുള്ളന്‍ തുടങ്ങിയ മല്‍സ്യങ്ങള്‍ക്കും കിലോക്ക് 200ന് മുകളിലാണ് വില. നേരത്തെ ഇവ 100 രൂപയില്‍ കുറഞ്ഞ വിലക്കാണ് മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നത്. വലിയ മീനുകളായ ആവോലി, ചെമ്പല്ലി, തിരണ്ടി തുടങ്ങിയവക്ക് കിലോ 500ന് മുകളിലാണ് വില. ഏറ്റവും പ്രിയങ്കരമായ അയ്ക്കൂറക്കും വലിയ ചെമ്മീനും  600 നും മേലെയാണ് വില. നോമ്പുകാലത്ത് മല്‍സ്യ ത്തിന് ആവശ്യക്കാര്‍ കൂടുന്നതിനാല്‍ അകാരണമായി വില വര്‍ധിപ്പിക്കുകയാണെന്നാണ് ജനങ്ങളുടെ പരാതി. മംഗലാപുരം, തമിഴ്‌നാട്, ആന്ധ്ര, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള മീനുകളാണ് ഇപ്പോള്‍ കേരളത്തില്‍ കൂടുതലായി ലഭിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമായ വലിയ മല്‍സ്യങ്ങള്‍ രാസവസ്തുക്കളിട്ട്് ദീര്‍ഘകാലം സൂക്ഷിച്ച ശേഷമാണ് മാര്‍ക്കറ്റിലെത്തുന്നത്. ഇത് മൂലം മല്‍സ്യം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്ശങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. മീന്‍ വില്‍പ്പന സ്ഥലങ്ങളില്‍ മിക്കയിടത്തും ശരിയായ സ്റ്റോറേജ് സംവിധാനമില്ലാതെയാണ് ദിവസങ്ങളോളം മീന്‍ സൂക്ഷിച്ചുവെക്കുന്നത്. മുന്‍ കാലങ്ങളില്‍ ചെറുമീനുകള്‍ അതാത് ദിവസങ്ങളില്‍ വിറ്റഴിച്ചു തീര്‍ത്തിരുന്നു. എന്നാലിപ്പോള്‍ ചെറുമീനുകള്‍ സൂക്ഷിച്ചു വെക്കുന്ന പതിവാണുള്ളത്. ഹാര്‍ബറുകളില്‍ നിന്ന് വളരെ ദൂരത്തല്ലാത്ത സ്ഥലങ്ങളിലും മല്‍സ്യത്തിന് തീവിലയാണ്.
Next Story

RELATED STORIES

Share it