malappuram local

മല്‍സ്യബന്ധനത്തിന് പോയവരെ വള്ളത്തില്‍കയറി ആക്രമിച്ചു

തിരൂരങ്ങാടി: വള്ളിക്കുന്ന് ആനങ്ങാടിയില്‍നിന്നു മല്‍സ്യബന്ധനത്തിനുപോയ തൊഴിലാളികളെ പുന്നപ്രയില്‍വച്ച് ആക്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശികളായ നാല് മല്‍സ്യത്തൊഴിലാളികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. വള്ളത്തിന്റെ സ്രാങ്ക് കറുത്ത മൊയ്തീന്‍കുട്ടിന്റെ പുരക്കല്‍ സദഖത്ത് (40), മങ്ങിന്റെ പുരക്കല്‍ ജലാല്‍ (32), പരീച്ചന്റെ പുരക്കല്‍ അര്‍ഷദ് (25), കിഴക്കന്റെ പുരക്കല്‍ ഫൈസല്‍ (37) എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. വെള്ളിയാഴ്ച്ചയാണു മീന്‍ പിടിക്കുന്നതിനായി ഇവര്‍ പറവൂര്‍ ലക്ഷ്യമാക്കി പോയത്. ശനിയാഴ്ച്ച രാവിലെ പത്തോടെ പുന്നപ്രയില്‍വച്ച് ഏഴുപുന്നതരകന്‍, അവറാന്‍ എന്നീ രണ്ട് വള്ളങ്ങളിലായെത്തിയ നൂറോളം പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. വടക്കുനിന്ന് വന്നവരെ ഇവിടെ മീന്‍ പിടിക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് വള്ളം മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞതോടെ ആ സമയത്ത് വള്ളം നിയന്ത്രിച്ചിരുന്ന ജലാലിനെ കൈയേറ്റം ചെയ്തു. ഇത് ചോദ്യംചെയ്ത സദഖത്തിനെ ഇരുമ്പ് തണ്ടുകൊണ്ട് തലയ്്ക്കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കൊല്ലുമെന്നും കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും അവിടെ നിന്നു ജീവനുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇവിടങ്ങളില്‍ പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും മറ്റു സഹായങ്ങള്‍ക്കും പോയിരുന്ന മല്‍സ്യത്തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടത്. നിരവധി പുരസ്‌കാരങ്ങളും മറ്റും ലഭിച്ചെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടു പോവുന്നതിനുവേണ്ടി കടലിലിറങ്ങയവരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടന്ന ഉടനെ തന്നെ കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് അധികൃതരെയും മല്‍സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ എംഎല്‍എമാരായ പി കെ അബ്ദുറബ്ബ്, പി അബ്ദുല്‍ ഹമീദ്, എസ്ടിയു മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഓട്ടുമ്മല്‍, റസാഖ് ചേക്കാലി, യു എ റസാഖ്, യു അഹമ്മദ്‌കോയ മറ്റു പ്രമുഖരും സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it