മല്‍സ്യബന്ധനത്തിനു പോവുന്നവരുടെ കണക്ക് സൂക്ഷിക്കാന്‍ സംവിധാനം വേണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഫിഷറീസ് കൗണ്‍സിലുകള്‍ രൂപീകരിച്ച് ഓരോ ദിവസവും മല്‍സ്യബന്ധനത്തിനു കടലില്‍ പോവുന്നവരുടെ കൃത്യമായ കണക്ക് സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ശുപാര്‍ശ ചെയ്തു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത് കടലില്‍ പോയവര്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ എല്ലാവരും കടലില്‍ പോകുന്നതിനു മുമ്പ് രജിസ്റ്റര്‍ ചെയ്യും. ഇതിനായി എന്‍ഐസി തയ്യാറാക്കിയ റിയല്‍ ക്രാഫ്റ്റ് സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും സഭയുടെ മേശപ്പുറത്തു വച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായി മല്‍സ്യബന്ധന തൊഴിലാളികളിലെത്തിക്കാന്‍ മൊബൈല്‍ ഫോണ്‍ സന്ദേശപദ്ധതി പോലുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ നടപ്പാക്കണം. ഇതില്‍ കടല്‍ഭാഷയുടെ വാക്കുകള്‍ ഉള്‍പ്പെടുത്തണം. സ്‌റ്റെബിലിറ്റി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിട്ടുള്ളതും മറിഞ്ഞാലും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുമായ വള്ളങ്ങള്‍ ഉപയോഗിക്കുന്നതിനു നടപടി വേണം. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കൂടി കൊണ്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തണം. മല്‍സ്യബന്ധന യാനങ്ങളുടെ നിര്‍മാണം അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രം നടത്തണം. രൂപകല്‍പന, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
വായു-ജലമലിനീകരണ തോത് കുറയ്ക്കുന്നതിന് ഇന്‍ബോര്‍ഡ് മോട്ടോര്‍ യാനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കണം. കീറിയ വലകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നതു വഴിയുണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന് വലകളുടെ അടയാളപ്പെടുത്തല്‍ നിര്‍ബന്ധമാക്കണം. മല്‍സ്യബന്ധന യാനങ്ങളുടെ സുരക്ഷയ്ക്കും അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റുള്ള ബോട്ടുകളുമായി ആശയവിനിമയം നടത്താവുന്നതുമായ ഉപകരണങ്ങള്‍, അപകട സമയങ്ങളില്‍ സഹായം അഭ്യര്‍ഥിക്കാനുള്ള ഉപകരണങ്ങള്‍, സാറ്റലൈറ്റ് ഫോണ്‍, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം എന്നിവ നിര്‍ബന്ധമാക്കണം. ഇവ കൈകാര്യം ചെയ്യുന്നതിനായി ഹ്രസ്വകാല പരിശീലന പരിപാടികള്‍ നല്‍കണം.
ഓഖി ദുരന്തത്തില്‍പ്പെട്ട് വള്ളം, വല, ബോട്ട് തുടങ്ങിയ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കണം. കടലില്‍ പോകാനാകാത്ത വിധം ശാരീരിക-മാനസിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് മറ്റേതെങ്കിലും തൊഴിലിനു സൗകര്യം ചെയ്തുകൊടുക്കണമെന്നും ശുപാര്‍ശയുണ്ട്.
Next Story

RELATED STORIES

Share it