kozhikode local

മല്‍സ്യത്തൊഴിലാളി യുവാവിന് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ലെന്ന്

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് തളര്‍ന്ന മത്സ്യത്തൊഴിലാളി യുവാവിന് ഇന്‍ഷുറന്‍സ് തുക നല്‍കാത്ത മത്സ്യഫെഡ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഭാര്യയും മക്കളും കുടുംബാംഗങ്ങളും മത്സ്യഫെഡ് ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി.
പുതിയങ്ങാടി പള്ളിക്കണ്ടിയില്‍ പടിഞ്ഞാറെ വട്ടക്കണ്ടി വീട്ടില്‍ കെ പി ജയജീഷിന്റെ ഭാര്യ സന്ധ്യയും മക്കളായ ഏഴു വയസ്സുകാരന്‍ നിരഞ്ജനും നാലു വയസ്സുകാരി നേഹയുമാണ് കോഴിക്കോട് വെള്ളയില്‍ മത്സ്യഫെഡ് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് നടത്തിയത്. 2014 ന് ഡിസംബര്‍ 24നാണ് ജയജീഷ് സുഹൃത്തിന്റെ വീടുപണിക്കിടെ വീണ് കിടപ്പിലായത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലാണ്. നിരവധി അപേക്ഷകളും നിവേദനങ്ങളും നല്‍കിയിട്ടും ഇതുവരെ ഇന്‍ഷൂറന്‍സ് തുക ലഭിച്ചിട്ടില്ല.
ഇതോടെയാണ് സന്ധ്യയും മക്കളും സമരവുമായെത്തിയത്. അപകടത്തില്‍പെട്ട വിവരം അറിയിക്കാന്‍ വൈകി എന്ന സാങ്കേതിക കാരണം പറഞ്ഞാണ് തുക അനുവദിക്കാത്തത്. സമരത്തിന് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും ഓഫീസിലെത്തി. മത്സ്യഫെഡ് ജില്ലാ മാനേജര്‍ സ്ഥലത്തില്ലാത്തതിനാല്‍ അസിസ്റ്റന്റ് മാനേജര്‍ ശ്രീവത്സനുമായി ചര്‍ച്ച നടത്തി. രണ്ടാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ച് കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് അസിസ്റ്റന്റ് മാനേജര്‍ ഇക്കാര്യം അറിയിച്ചത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹസ്‌ന മറിയത്തെ കണ്ട് പരാതി നല്‍കി. നേരത്തെ ജില്ലാ കലക്ടര്‍ യു വി ജോസിനും പരാതി നല്‍കിയിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ജില്ലാ കലക്ടറുടെ കുറിപ്പോടുകൂടിയ കത്തും സന്ധ്യ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
കുടുംബാംഗങ്ങളായ ആനന്ദന്‍, രാധിക, റീജ, പ്രേമി തുടങ്ങിയവരും ബിജെപി കോഴിക്കോട് നോര്‍ത്ത് മണ്ഡലം സെക്രട്ടറി ടി. മണി, ഏരിയാ സെക്രട്ടറി ഷിജു, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും സന്ധ്യക്കൊപ്പം എത്തിയിരുന്നു.
Next Story

RELATED STORIES

Share it