thiruvananthapuram local

മല്‍സ്യഗ്രാമങ്ങള്‍ക്കായി തീരദേശ സ്‌പോര്‍ട്‌സ് ലീഗ് സംഘടിപ്പിക്കും

തിരുവനന്തപുരം:  ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ യുവജനങ്ങളില്‍ കായിക മല്‍സരാഭിമുഖ്യം വളര്‍ത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ തീരദേശ സ്‌പോര്‍ട്‌സ് ലീഗ് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി. 18 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍ മല്‍സരവും പെണ്‍കുട്ടികള്‍ക്കായി ബാഡ്മിന്റണ്‍, ബീച്ച് വോളിബോള്‍ മല്‍സരങ്ങളും ലീഗിനോടനുബന്ധിച്ച് സംഘടിപ്പിക്കും. തീരദേശ മേഖലയിലെ മല്‍സ്യഗ്രാമങ്ങളെ ആറു സോണുകളായി തിരിച്ച് സോണല്‍ മല്‍സരങ്ങള്‍ നടത്തും.
സോണല്‍ മല്‍സരവിജയികള്‍ ജില്ലാതല മല്‍സരത്തില്‍ മാറ്റുരയ്ക്കും. വിവിധ മല്‍സരങ്ങളില്‍ ഒന്നാമതെത്തുന്നവര്‍ ലീഗ് ജേതാക്കളാകും. തീരദേശ സ്‌പോര്‍ട്‌സ് ലീഗ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കൂടിയ പ്രഥമ ആലോചന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. തീരദേശ മേഖലയിലെ വിദ്യാര്‍ഥികളടക്കമുള്ള യുവജനങ്ങള്‍ക്ക് സ്‌പോര്‍ട്‌സില്‍ പ്രചോദനമേകുന്നതിനായി വിവിധ സന്നദ്ധസംഘടനകളുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും യുവജനക്ഷേമ വകുപ്പിന്റെയും ഫിഷറീസ് അടക്കമുള്ള വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഏപ്രില്‍, മേയ് മാസങ്ങളിലായി ലീഗ് സംഘടിപ്പിക്കുക. കൊല്ലങ്കോട് തെക്ക്, പരുത്തിയൂര്‍, പൂവാര്‍, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, അടിമലത്തുറ എന്നീ മല്‍സ്യഗ്രാമങ്ങള്‍ ഉള്‍പ്പെട്ടതാണ് എ സോണ്‍. ബി സോണില്‍ ചൊവ്വര, വിഴിഞ്ഞം വടക്ക്, വിഴിഞ്ഞം തെക്ക്, കോവളം, പനന്തുറ, പൂന്തുറ, ബീമാപള്ളി എന്നിവ ഉള്‍പ്പെടുന്നു. ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, വലിയതോപ്പ്, ശംഖുംമുഖം, കണ്ണന്തുറ, വെട്ടുകാട് എന്നീ തീരദേശഗ്രാമങ്ങളടങ്ങുന്നതാണ് സി സോണ്‍. കൊച്ചുവേളി, പള്ളിത്തുറ, വലിയവേളി, വെട്ടുതുറ, പുത്തന്‍തോപ്പ്, വെട്ടിയതുറ, മരിയനാട് എന്നിവയുള്‍പ്പെട്ടതാണ് ഡി സോണ്‍. ഇ സോണില്‍ പുതുകുറിച്ചി, പെരുമാതുറ, താഴംപള്ളി, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി എന്നിവയും എഫ് സോണില്‍ കൈക്കര, അരിവാളം, വെട്ടൂര്‍, ചിലക്കൂര്‍, ഓടയം, ഇടവ എന്നീ തീരദേശഗ്രാമങ്ങളും ഉള്‍പ്പെടുന്നു. മത്സരത്തിന്റെ നടത്തിപ്പിനായി സോണല്‍ തലത്തില്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക സമിതികള്‍ ഏപ്രില്‍ 10നകം രൂപീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ലീഗിന്റെ പ്രചരണാര്‍ഥം 30 വയസുവരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കായി ശംഖുംമുഖത്ത് കടലില്‍ നീന്തല്‍മത്സരവും സംഘടിപ്പിക്കും.  യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ അനു എസ് നായര്‍, ഡിവൈഎസ്പി എസ് ശ്യാംലാല്‍, ഡിറ്റിപിസി സെക്രട്ടറി, ജി ജയകുമാരന്‍ നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it