World

മലേസ്യ: ഒന്നോ രണ്ടോ വര്‍ഷം അധികാരത്തില്‍ തുടരും- മഹാതീര്‍

ക്വാലാലംപൂര്‍: ഒന്നോ രണ്ടോ വര്‍ഷം അധികാരത്തില്‍ തുടരുമെന്നു മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. അതിനു ശേഷം ജയില്‍മോചിതനാവുന്ന അന്‍വര്‍ ഇബ്രാഹീമിന് സ്ഥാനം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ഭരണത്തിന്റെ ആദ്യഘട്ടം ഒന്നോ രണ്ടോ വര്‍ഷം നീണ്ടുനില്‍ക്കും. താനായിരിക്കും പ്രധാനമന്ത്രി. അധികാരമൊഴിഞ്ഞാലും പിന്നില്‍ നിന്നു നയിക്കുമെന്നും വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പകാതന്‍ ഹാരപന്‍ സഖ്യം ആറു പതിറ്റാണ്ടോളമായി അധികാരം കൈയാളുന്ന ബരിസാന്‍ നാഷനല്‍ സഖ്യത്തെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്തിരുന്നു.
മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരേ 1എംഡിബി കേസുമായി ബന്ധപ്പെട്ട് അഴിമതിക്കേസ് ഉടന്‍ സര്‍ക്കാരിന് കൈകാര്യം ചെയ്യേണ്ടിവരുമെന്നും മഹാതീര്‍ പറഞ്ഞു.  അന്‍വറിന്റെ മാപ്പ് ഇന്നു പരിഗണിക്കുമെന്നും അതൊടൊപ്പം മോചിപ്പിക്കുമെന്നും മഹാതീര്‍ അറിയിച്ചു.   ഇന്നലെ അന്‍വര്‍ മോചിതനാവുമെന്നായിരുന്നു നേരത്തേ മകള്‍ അറിയിച്ചിരുന്നത്. എന്നാല്‍, അത് പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു. അന്‍വറിന്റെ ഭാര്യയും നിലവിലെ ഉപ പ്രധാനമന്ത്രിയുമായ വാന്‍ അസീസ വിഷയം മഹാതീറുമായി ചര്‍ച്ച ചെയ്തു.
അന്‍വര്‍ ഇബ്രാഹീമിന്റെ മോചനത്തിനുള്ള നടപടികളില്‍ തങ്ങള്‍ സംതൃപ്തരാണെന്നും എന്നാല്‍, ക്ഷമാപണ സമിതിയുമായുള്ള യോഗം മെയ് 16ലേക്ക് മാറ്റാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടുകയായിരുന്നുവെന്നും ് യാങ് ദി പെര്‍ത്വാന്‍ അഗോങിന്റെ ഓഫിസ് അറിയിച്ചതായും മലേസ്യന്‍ ന്യൂസ് പോര്‍ട്ടലായ മലേഷ്യ കിനി റിപോര്‍ട്ട് ചെയ്തു. തോളെല്ലിനു ശസ്ത്രക്രിയ കഴിഞ്ഞ അന്‍വര്‍ ഇപ്പോള്‍ ക്വാലാലംപൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പാര്‍ട്ടി കാദിലാന്‍ റക്‌യാത് 48 സീറ്റ് നേടിയിരുന്നു.
Next Story

RELATED STORIES

Share it