World

മലേസ്യയിലെ 1എംഡിബി അഴിമതിക്കേസ്; മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍

ക്വാലാലംപൂര്‍:  1എംഡിബി അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍. റോയിറ്റേഴ്‌സ് ന്യൂസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അറസ്റ്റ് വാറന്റ് നല്‍കിയ ശേഷം വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച നജീബിനെ കോടതിയില്‍ ഹാജരാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കുടുംബവൃത്തങ്ങള്‍ വ്യക്തമാക്കി.
അറസ്റ്റ് വിവരം അഴിമതിവിരുദ്ധ സമിതി സ്ഥിരീകരിച്ചതായി ബെര്‍നാമ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. എന്നാല്‍ നജീബിന്റെ വക്താവ്  പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മെയില്‍ മാഹാതീര്‍ മുഹമ്മദ് അധികാരത്തിലെത്തിയ ഉടന്‍ 1എംഡിബി  കേസില്‍ പുനരന്വേഷണം ആരംഭിക്കുകയും നജീബിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
യുഎസ് സഹായത്തോടെയുള്ള പദ്ധതിയില്‍ 4.5 ബില്യണ്‍ ഡോളറിന്റെ അഴിമതി നടന്നതായി യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. എന്നാല്‍ എസ്ആര്‍സി ഇന്റര്‍ നാഷനലില്‍ നിന്ന് 42 ലക്ഷം മലേസ്യന്‍ റിന്‍ഗിറ്റ് നജീബിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതു—മായി ബന്ധപ്പെട്ടാണ് അഴിമതിവിരുദ്ധ സമിതി അന്വേഷണം നടത്തുന്നത്.
തന്ത്രപരമായ നിക്ഷേപങ്ങളിലൂടെ ക്വാലാലംപൂരിനെ പ്രത്യേക സാമ്പത്തിക മേഖലയാക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യം വച്ച് 2009ലായിരുന്നു 1എംഡിബി പദ്ധതി ആവിഷ്‌കരിച്ചത്്.
2011ലായിരുന്നു നജീബിന്റെ നേതൃത്വത്തില്‍  1എംബിഡിയുടെ യൂനിറ്റായി എസ്ആര്‍സി രൂപീകരിച്ചത്്. അന്വേഷണത്തിന്റെ ഭാഗമായി 275 ദശലക്ഷം ഡോളറിന്റെ ആസ്തികള്‍ നജീബീന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 400ലധികം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം നജീബിന്റെ ഭാര്യ റുസ്മയെയും ചോദ്യംചെയ്തിരുന്നു. റുസ്മയെയുടെ ആദ്യ വിവാഹത്തിലെ മകന്‍ റിസാ അസീസില്‍ നിന്നു സംഘം മൊഴിയെടുത്തതായും റിപോര്‍ട്ടുണ്ട്.
നജീബ് പ്രധാനമന്ത്രിയായിരിക്കെ കേസില്‍ അന്വേഷണം നടത്തുകയും അറ്റോര്‍ണി ജനറല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതിയാരോപണം തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പരാജയത്തില്‍ കലാശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it